രക്തസാക്ഷിയുടെ കുടുംബത്തിനായി സമാഹരിച്ച തുകയും പാര്‍ട്ടി ഓഫിസ് നിര്‍മാണ ഫണ്ടും തിരഞ്ഞെടുപ്പ് ഫണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂര്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ അപഹരിച്ചെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയുമായ വി കുഞ്ഞികൃഷ്ണനെ തള്ളി പാര്‍ട്ടി നേതൃത്വം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു. ധനാപഹരണം നടന്നിട്ടില്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതാണെന്നും തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പറഞ്ഞിരുന്നുവെന്നും പറഞ്ഞ കെ കെ രാഗേഷ് കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതികരിച്ചു.
|
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണെന്നും കെ കെ രാഗേഷ് പറഞ്ഞു.
പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ALSO READ: നെയ്യാറ്റിന്‍കരയില്‍ ഒരുവയസ്സുകാരന്റെ മരണം കൊലപാതകം; അച്ഛന്‍ കുറ്റം സമ്മതിച്ചു





