07
Jun 2024
Fri
07 Jun 2024 Fri
Shaharban

അരീക്കോട്: കാവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ തോല്‍പ്പിക്കാന്‍ സിപിമ്മിന് കോണ്‍ഗ്രസ് പിന്തുണ. ( cpm-vice-president-in-congress-support-a-setback-for-the-league-in-kavanoor )ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധി ആറാം വാര്‍ഡ് അംഗം സുനിത കുമാരിയെയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുസ്‌ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ ഷെരീഫ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് വ്യാഴാഴ്ച രാവിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചായത്തിലെ മട്ടത്തിരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ പൊട്ടിത്തെറിയിലെത്തിയത്. എംസിഎഫിനെ ചൊല്ലി മാസങ്ങളായി ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്.

നേരത്തേ പഞ്ചായത്ത് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന എംസിഎഫിന്റെ അജൈവ മാലിന്യം നിലവില്‍ മട്ടത്തിരിക്കുന്നിലെ പഞ്ചായത്തിന്റെ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാന്റെ നേതൃത്വത്തില്‍ 13ാം വാര്‍ഡായ മട്ടത്തിരിക്കുന്നില്‍ എംസിഎഫ് കേന്ദ്രം തുടങ്ങാന്‍ കഴിഞ്ഞ വര്‍ഷം ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, മാലിന്യവുമായി എത്തിയ ലോറി പ്രദേശത്തുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

യുഡിഎഫില്‍ ഭിന്നത രൂക്ഷമായതോടെ സിപിഎം അംഗങ്ങള്‍ പ്രസിഡന്റിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ പി കെ ബഷീര്‍ എംഎല്‍എ, എ പി അനില്‍ കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ടി അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മട്ടത്തിരിക്കുന്നില്‍ എംസിഎഫ് സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരുന്നു.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും ഒന്നിച്ച് നിന്ന് സിപിഎമ്മിന്റെ അവിശ്വാസത്തെ പരാജയപ്പെടുത്തി. പഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗം പിവി ഉസ്മാന്‍ പ്രസിഡന്റും കോണ്‍ഗ്രസിലെ ഷഹര്‍ബാന്‍ ശരീഫ് പ്രസിഡന്റുമായ യുഡിഎഫ് ഭരണ സമിതിയാണ് ഭരിച്ചിരുന്നത്.

എന്നാല്‍, യുഡിഎഫ് നേതാക്കളുടെ തീരുമാനം ലംഘിച്ച് മട്ടത്തിരിക്കുന്നിലേക്ക് വീണ്ടും എംസിഎഫ് കേന്ദ്രം കൊണ്ടുവരാനുള്ള ശ്രമമാണ് പൊട്ടിത്തെറിയില്‍ എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് രാജിവെച്ചു. തുടര്‍ന്ന് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക