21
Nov 2023
Tue
21 Nov 2023 Tue

ഇതാണ് അല്‍ റൊണാള്‍ഡോ, തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി വേണ്ടെന്ന് പറഞ്ഞ് ഞെട്ടിച്ച് റോണോ: വീഡിയോ കാണാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറില്‍ എത്തിയത് മുതല്‍ ഗ്രൗണ്ടിലെ പ്രകടനങ്ങളുടെ പേരില്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ ഫെയര്‍പ്ലേയുടെ പേരിലാണ് താരം വാര്‍ത്തയായത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിനിടെ പെര്‍സെപൊളിനിനെതിരെയുള്ള മല്‍സരത്തിനിടെയായിരുന്നു സംഭവം. കളിക്കിടെ പെനല്‍റ്റി ബോക്‌സിനിടെ റൊണാള്‍ഡോ വീണപ്പോള്‍ റഫറി പെനാല്‍റ്റി അനുവദിച്ചു. എന്നാല്‍ അത് ഫൗളായിരുന്നില്ലെന്നും പെനാല്‍റ്റി വേണ്ടെന്നും പറയുകയായിരുന്നു താരം. ഒറ്റ നോട്ടത്തില്‍ ഫൗളെന്ന് തന്നെ തോന്നിപ്പിക്കുന്നതായിരുന്നു വീഴ്ച. തുടര്‍ന്ന് വിഡിയോ അസിസ്റ്റ് റഫറിയുടെ സഹായവും തേടി. ഫൗളല്ലെന്ന് വിധിച്ച് കളി തുടരുകയായിരുന്നു. കഴുത്തിന് പേശീവലിവിനെ തുടര്‍ന്ന് കളിയുടെ 77-ാം മിനിറ്റില്‍ റൊണാള്‍ഡോയെ തിരിച്ചുവിളിക്കുകയും ചെയ്തു.

തന്റെ ടീമിന് അനുകൂലമായി വിധിച്ച പെനല്‍റ്റി കിക്ക് അത് ഫൗളല്ലെന്ന് റഫറിയെ ബോധ്യപ്പെടുത്തി റൊണാള്‍ഡോ തിരുത്തിച്ച നടപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പെര്‍സെപോളിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി റൊണാള്‍ഡോ പെനല്‍റ്റി ബോക്‌സില്‍ വീണതിന് പിന്നാലെ ഓടിയെത്തിയ അല്‍ നസര്‍ താരങ്ങള്‍ കൂട്ടത്തോടെ പെനല്‍റ്റിക്കായി റഫറിയോട് വാദിച്ചു. റഫറി സ്‌പോട്ട് കിക്കിനായി വിരല്‍ ചൂണ്ടി.

എന്നാല്‍ അത് ഫൗളല്ലെന്നും ഡിഫന്‍ഡറുടെ കാലില്‍ തട്ടി താന്‍ വീഴുകയായിരുന്നുവെന്നും പെനല്‍റ്റി വിധിച്ച തീരുമാനം പിന്‍വലിക്കണമെന്നും റൊണാള്‍ഡോ റഫറിക്ക് അടുത്തെത്തി ബോധ്യപ്പെടുത്തി. തുടര്‍ന്ന് റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്‌റിന് അനുകൂലമായി വിധിച്ച പെനല്‍റ്റി റദ്ദാക്കുകയും ചെയ്തു. മത്സരത്തിന്റെ തുടക്കത്തില്‍ പെര്‍സെപോളിസ് അടിച്ച ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയും ചെയ്തു.

മത്സരം ഗോള്‍രഹിത സമനിലയായെങ്കിലും അല്‍ നസര്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ഇയിലെ മറ്റെല്ലാ മത്സരങ്ങളും ജയിച്ച അല്‍ നസ്‌റിന് ഒരു പോയന്റ് മാത്രമായിരുന്നു പ്രീ ക്വാര്‍ട്ടറിലെത്താന്‍ വേണ്ടിയിരുന്നത്. സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച അല്‍ ഹിലാലിനെതിരെ ആണ് അല്‍ നസ്‌റിന്റെ അടുത്ത മത്സരം. ജയിച്ചാല്‍ അല്‍ നസ്‌റിന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനാവും.