|
റിയാദ്: സൗദി പ്രോ ലീഗ് പോരാട്ടത്തിൽ അൽ വഹ്ദയ്ക്കെതിരെ നാലുഗോളുകളുമായി നിറഞ്ഞാടി ക്രിസ്റ്റിയാനോ റൊണാൾഡോ. റൊണാൾഡോയുടെ മികവിൽ അൽ നാസർ മത്സരം 4-0ന് വിജയിച്ച് സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. കരിയറിലെ 61-ാമത് ഹാട്രിക്കും ഇതോടൊപ്പം റൊണാൾഡോ നേടുകയുംചെയ്തു.
21-ാം മിനിറ്റിൽ ഇടങ്കാൽ സ്‌ട്രൈക്കിലൂടെയാണ് റൊണാൾഡോ തുടങ്ങിയത്. തൻറെ കരിയറിലെ 500ാം ലീഗ് ഗോളുകൾ എന്ന നേട്ടവും ഈ ഗോളിലൂടെ റോണോ സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ വീണ്ടും വലകുലുക്കി.
ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയിലും തുടർന്ന താരം 53ാം മിനുറ്റിൽ സൗദി അറേബ്യയിലെ തന്റെ ആദ്യ ഹാട്രിക്ക് തികച്ചു. 61 ന്നാം മിനുറ്റിൽ പെനാൽറ്റിയിൽ നിന്നും വല കുലുക്കി പട്ടികപൂർത്തിയാക്കുകയും ചെയ്തു. ജയത്തോടെ 16 കളികളിൽ 17 പോയിന്റായ അൽ നസർ സൗദി ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 503 കരിയർ ലീഗ് ഗോളുകളിൽ ആദ്യ 3 എണ്ണം പിറന്നത് സ്‌പോർട്ടിംഗ് ലിസ്ബണ് വേണ്ടി പ്രിമേറ ലീഗിൽ കളിക്കുമ്പോളാണ്. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് തവണയായി 103 ഗോളുകളും നേടി. തുടർന്ന് റയലിലെ നീണ്ട കരിയറിനിടെ ക്ലബ്ബിനായി ലാലിഗയിൽ 311 ഗോളുകളാണ് സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് ശേഷം ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി കളിച്ച റോണോ സീരി എ യിൽ 81 ഗോളുകളും നേടിയിട്ടുണ്ട്. സൗദി ലീഗിൽ അഞ്ചുഗോളുകളും നേടി.
ഇത് ഒമ്പതാം തവണയാണ് റൊണാൾഡോ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. 2019ൽ ലിത്വാനിയയ്ക്കെതിരെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഗോൾ പ്രകടനം.



