റിയാദ്: ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളംനിറഞ്ഞതോടെ അൽ അദാലക്കെതിരെ അൽനസറിന് ഏകപക്ഷീയമായ അഞ്ചുഗോൾ വിജയം. റൊണാൾഡോക്ക് പുറമെ ബ്രസീൽ താരം ആൻഡേഴ്സൺ ടാലിസ്‌കയും ഇരട്ടഗോളുകൾ നേടി. അയ്മൻ യഹ്യയുടെ വകയായിരുന്നു അഞ്ചാം ഗോൾ. പോർച്ചുഗൽ ജേഴ്‌സിയിലെ ഉജ്വലപ്രകടനത്തിന് ശേഷം സൗദി ലീഗിലെത്തിയ റൊണാൾഡോ തകർപ്പൻ ഫോം തുടരുകയാണ്. പെനൽറ്റിയിലൂടെയാണ് ഗോളിന് തുടക്കമിട്ടത്. ഒന്നാം പകുതി അവസാനിക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പ് കിട്ടിയ പെനൽറ്റി റൊണാൾഡോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 66ാം മിനുറ്റിലായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. പെനാൽറ്റി ബോക്സിന് പുറത്തുവെച്ച് ലഭിച്ച പന്തുമായി കുതിച്ച റൊണാൾഡോ ഇടംകാൽ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ അൽനസറിനായി അരങ്ങറ്റ സീസണിൽ തന്നെ 11 ഗോളുകൾ നേടാൻ താരത്തിനായി.
|
നേരത്തെ 55ാം മിനുറ്റിൽ ടാലിസ്‌ക അൽനസറിന്റെ ലീഡ് വർധിപ്പിച്ചിരുന്നു. 78ാം മിനുറ്റിലായിരുന്നു ടാലിസ്‌കയുടെ രണ്ടാം ഗോൾ. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച അവസരം അയ്മൻ യ്ഹയ മുതലെടുത്തതോടെ അൽനസറിന്റെ ഗോൾ പട്ടിക പൂർത്തിയായി. ഗോൾ മടക്കാൻ അദാലക്കും അനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽനസർ. 27 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങൾ കളിച്ച അൽനസറിന് 52 പോയിന്റാണ് ഉള്ളത്.
Cristiano Ronaldo’s brilliant weakfoot goal! pic.twitter.com/K5kA6i3zJw
— TC (@totalcristiano) April 4, 2023


