22
Mar 2023
Fri
22 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി ലീഗിലെ അൽനസർ ക്ലബ്ബിലേക്ക് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവടുമാറിയിട്ട് രണ്ട് മാസം പൂർത്തിയാകുന്നു. ഇതിനകം തന്നെ അദ്ദേഹം അറേബ്യൻ സംസ്‌ക്കാരവുമായി ഏറെ ഇഴുകിച്ചേരുകയുംചെയ്തു. ഇതിന് പിന്നാലെ റൊണാൾഡോയുടെ മക്കളായ ഇവയും അലാനയും അറേബ്യൻ ഗാനമാലപിച്ച് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ഇവയും അലാനയും അറബിയിൽ ഗാനമാലപിക്കുന്ന പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റൊണാൾഡോയുടെയും പങ്കാളി ജോർജിനയുടേയും പെൺകുഞ്ഞുങ്ങളായ ഇവയും അലാനയുമാണ് അറബിക് ഭാഷയിൽ ഗാനമാലപിച്ച് ആരാധകരെ അതിശയിപ്പിച്ചത്. ‘ഞങ്ങൾ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നു’ എന്ന അർഥമുള്ള ഗാനമാണ് ഇവയും അലാനും ആലപിക്കുന്നത്. അടുത്തിടെ റൊണാൾഡൊ അറബ് നൃത്തച്ചുവടുകളുമയി മരുഭൂമിയിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.

നേരത്തേയും അറേബ്യൻ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട നിരവധി സാമൂഹ്യമാധ്യമ പോസ്റ്റുകൾ സൗദിയിലെത്തിയ ശേഷം റൊണാൾഡോ പോസ്റ്റ് ചെയ്തിരുന്നു. റൊണാൾഡോ മാത്രമല്ല കുടുംബം മുഴുവൻ സൗദി അറേബ്യയിലെ ഫുട്ബാൾ ജീവിതം ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഇവയുടേയും അലാന്റേയും വീഡിയോ പുറത്തുവന്നതോടെ ആരാധകർ പറയുന്നത്.