Cyclone Montha ബംഗാല്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മൊന്‍ത’ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ചുഴലിക്കാറ്റ് ഇന്ന് അര്‍ധരാത്രിയോടെ ആന്ധ്രാ തീരത്തെത്തും. മണിക്കൂറില്‍ 110 കി മീ വേഗതയിലാണ് കാറ്റ് വീശുന്നത്. മൊന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
|
ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട നിരവധി പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് സാരമായും ബാധിക്കുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 28ലെ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ടിക്കറ്റ് നില പരിശോധിക്കാനാണ് നിര്‍ദേശം. ചുഴലിക്കാറ്റ് ഭീതിയില്‍ ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
ALSO READ: പോലീസ് ജോലിക്കായുള്ള ഓട്ട പരിശീലനത്തിനിടെ 22കാരി കുഴഞ്ഞുവീണ് മരിച്ചു
ഇന്നു രാത്രിയോടെ ആന്ധ്രയില്‍ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗാളിലും മഴ ശക്തമായി.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
കാലാവസ്ഥ പ്രതികൂലമായതോടെ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.





