06
Dec 2024
Thu
06 Dec 2024 Thu

കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ (38), ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ ആയിഷ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് കണ്ടെത്തിയതു പ്രകാരമാണ് നടപടി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് സംഘം തട്ടിയത്.

മന്ത്രവാദത്തിനു ശേഷം പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാണ് ആയിഷയെന്ന് പൊലീസ് സൂചിപ്പിച്ചു.

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം.സി അബ്ദുല്‍ ഗഫൂര്‍ (55) 2023 ഏപ്രില്‍ 14നാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയത്.

സ്വാഭാവിക മരണമാണെന്നാണ് ആദ്യം പൊലീസും വീട്ടുകാരും കരുതിയത്. ഇതേത്തുടര്‍ന്ന് മയ്യിത്ത് മറവുചെയ്തു. എന്നാല്‍ വീട്ടില്‍ നിന്നും 600 പവനോളം സ്വര്‍ണം കാണാതായെന്ന് അറിഞ്ഞതോടെ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ഗഫൂറിന്റേത് കൊലപാതകമാണെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മിറ്റി സമരം നടത്തിയിരുന്നു. തങ്ങളുടെ ആരോപണം സത്യമാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.

Death of expatriate businessman Abdul Gafoor proved to be murder; 4 people including a young woman who claimed to be a witch have been arrested

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക