04
Aug 2023
Thu
04 Aug 2023 Thu

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നും വെടിവെച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസ് അന്വേഷിക്കാന്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മൃതദേഹത്തില്‍ നിന്നും നെറ്റിയില്‍ തറച്ച നിലയില്‍ നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലില്‍ നിന്നും തറച്ചു കയറിയ നിലയില്‍ അഞ്ച് തിരകള്‍ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

അടുക്കളവാതിലിന് അഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. സംഭവസ്ഥലത്തു നിന്നും തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ്, ബോമ്പ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. എറണാകുളത്തു നിന്നും ബാലിസ്റ്റിക്ക് സംഘവും പ്രത്യേക ഫോറന്‍സിക്ക് സംഘവും എത്തിയ ശേഷം വിശദമായ പരിശോധന നടത്തും. മേഖലയിലെ നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക