28
Oct 2023
Sat
28 Oct 2023 Sat

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ പരാതി നേരിടുന്ന കാക്കനാട് ലേ ഹയാത്ത് ഹോട്ടലിനെതിരേ തൃക്കാക്കര പോലീസ് നരഹത്യക്ക് കേസെടുത്തു. മരിച്ച രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 308 വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടികള്‍. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 13 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് രാഹുല്‍ (24) കഴിഞ്ഞ 18-ന് ഷവര്‍മ വാങ്ങി കഴിച്ചിരുന്നു. പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി രാഹുലിന്റെ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കണം.

രക്തപരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ആശുപത്രിയില്‍നിന്ന് രക്തസാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 13 പേര്‍ക്കും കടുത്ത പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. നിലവില്‍ ഇവരെല്ലാവരുംതന്നെ കഴിച്ച ഭക്ഷണം സംബന്ധിച്ച വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. അതിലെല്ലാം മയണൈസ് പൊതുവായുണ്ടായിരുന്നു. അതു കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നു.