|
ന്യൂഡൽഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. മേല്‍ക്കൂരക്കൊപ്പം തൂണുകള്‍ കൂടി ഇടിഞ്ഞു വീണതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
അപകടത്തെതുടർന്ന് ടെര്‍മിനല്‍ 1ല്‍ നിന്നുള്ള ഡിപാര്‍ച്ചര്‍ 2 മണിവരെ നിര്‍ത്തി വച്ചിരിക്കുകയാണ്. അതിശക്തമായ മഴ കാരണം കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിരവധി വിമാന സർവീസുകൾ നിര്‍ത്തിവച്ചിരുന്നു.

അതേസമയം, ഇടിയോട് കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയില്‍ ലഭിച്ചത്. ഡല്‍ഹിക്ക് പുറമേ സമീപ പ്രദേശങ്ങളായ ഗാസിയാബാദ് നോയിഡ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. കനത്ത മഴയില്‍ ഡല്‍ഹിയിലെ പല റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെടുന്നു.
ഡല്‍ഹിയില്‍ അടുത്ത രണ്ട് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 20 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. വ്യാഴാഴ്ചയും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





