പിഎഫ്‌ഐ മുന്‍ നേതാവിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി. ജയിലില് വച്ച് പക്ഷാഘാതമുണ്ടായി വീല് ചെയറില് തുടരുന്ന തമിഴ്നാട് സ്വദേശിയായ എ എസ് ഇസ്മായില്‍ ആണ് ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യം അനുവദിച്ചില്ലെങ്കിലും ഇസ്മായിലിന്റെ ആരോഗ്യനില വഷളാവില്ലെന്നാണ് എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അംഗമായ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
|
ജയിലില് ശരിയായ ചികില്‍സ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരന്റെ ശരീരത്തിലെ വലതുഭാഗത്തെ ബലഹീനത മാറിക്കൊണ്ടിരിക്കുകയാണെന്നും അധികകാലം വീല്‍ചെയറില്‍ കഴിയേണ്ടി വരില്ലെന്നും എയിംസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ഇസ് മായിലിന് കൃത്യമായി ഫിസിയോതെറാപ്പി നല്‍കണമെന്നും രക്തസമ്മര്‍ദ്ദം പരിശോധിക്കണമെന്നും കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എല്ലാ മാസവും എയിംസിലെത്തിച്ച് പരിശോധനയ്ക്കു വിധേയമാക്കണമെന്നും കോടതി ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി 2022 സപ്തംബര്‍ 22നാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2024 ഒക്ടോബറിലാണ് ഇസ് മായിലിന് പക്ഷാഘാതം സംഭവിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





