ന്യൂഡല്‍ഹി: മുന്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ഗുരുതരമായ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബാംഗങ്ങള്‍.(Former PFI Chief Abubacker’s Family Fears for His Life) നിരവധി രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അനുദിനം മോശമായി വരികയാണ്.
|
മുംബൈ ജയിലില്‍ മരിച്ച 84 വയസ്സുകാരന്‍ സ്റ്റാന്‍ സ്വാമിയുടെ അനുഭവം തന്റെ പിതാവിനും ഉണ്ടാവുമോ എന്ന ആശങ്കയിലാണ് മകന്‍ തലാലെന്ന് ക്ലാരിയോണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ജയിലില്‍ ആവശ്യമായ പരിചരണമോ ചികില്‍സയോ അദ്ദേഹത്തിന് ലഭിക്കുന്നില്ല.
പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 2022 സപ്തംബറിലാണ് ഇ അബൂബക്കറിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുഎപിഎയിലെ വിവിധ വകുപ്പുകളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ജാമ്യ ഹരജി പരിഗണിച്ച സുപ്രിം കോടതി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ എയിംസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് കുടുംബം അറിയിച്ചു. അതുകൊണ്ട് ഹരജി രണ്ടാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാന്‍ കോടതി മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് കുടുംബം.
”സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ആക്റ്റിവിസ്റ്റ് സ്റ്റാന്‍ സ്വാമിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കേയാണ് അദ്ദേഹം മരിച്ചത്. സമാനമായ വിധി പിതാവിനും ഉണ്ടാവുമോ എന്ന് ഭയക്കുകയാണ്”- തലാല്‍ പറഞ്ഞു.
പാര്‍കിന്‍സണ്‍സ്, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇ അബൂബക്കര്‍ നേരിടുന്നതായി ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.
അതിന് പുറമേ ഇ അബൂബക്കറിന് കര്‍ശനമായ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. കാന്‍സര്‍ ബാധ മൂലം ആമാശയത്തിന്റെയും കുടലിന്റെയും 80 ശതമാനവും നീക്കം ചെയ്തിരിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കേണ്ടി വരും. കാന്‍സര്‍ മോചിതനായ അദ്ദേഹം 2019 മുതല്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഇതിന് മുമ്പ് 40 തവണ അദ്ദേഹത്തെ എയിംസിലേക്ക് കൊണ്ടു പോയിരുന്നുവെന്ന് മകന്‍ തലാല്‍ പറഞ്ഞു. എന്നാല്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരിക്കല്‍ പോലും പിതാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നില്ല. ഒപിയില്‍ കാണിച്ച് പരിശോധിച്ച ശേഷം ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇത് സംശയകരമാണെന്നും തലാല്‍ ചൂണ്ടിക്കാട്ടി.
ജയിലില്‍ കിടപ്പ് രോഗിയായ അദ്ദേഹത്തിന് ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റൊരു തടവുകാരനാണ് സഹായിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് മകന്‍ തലാലാണ് കുടെ നില്‍ക്കുന്നത്. പിതാവിന്റെ സ്ഥിതി വളരെ ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് ജാമ്യം അനുവദിക്കണമെന്ന് തലാല്‍ ആവശ്യപ്പെട്ടു.
അബൂബക്കറിന് സമാനമായി മറ്റൊരു പോപുലര്‍ ഫ്രണ്ട് നേതാവായ എ എസ് ഇസ്മാഈലും ജയിലില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തിഹാര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കേ ഒരു ദിവസം പുലര്‍ച്ചെ അദ്ദേഹത്തിന് ശക്തമായ സ്‌ട്രോക്ക് വന്നിരുന്നു.

സമയത്ത് ആശിപത്രിയിലെത്തിക്കാത്തതിനാല്‍ ഇസ്മാഈലിന്റെ ഒരു വശം പൂര്‍ണമായി തളര്‍ന്നിരിക്കുകയാണ്. വെസ്റ്റ് ഡല്‍ഹിയിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മതിയായ ചികില്‍സ നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.


