|
പാലക്കാട്: നാട് ഒന്നിക്കുന്ന ഉത്സവ കാഴ്ചകൾക്ക് ഒരുങ്ങി കൽപ്പാത്തി. കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കല്‍പ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങള്‍ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംഗമിക്കുന്നതോടെ തുടക്കമാകും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയില്‍ പ്രയാണം തുടങ്ങും. ഇതേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയില്‍ എത്തും. നാലു മണിക്ക് എല്ലാ തേരുകളും ഗ്രാമ വീഥിയില്‍ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാന്‍ നിരവധി പേരാണ് കല്‍പ്പാത്തിയിലെത്തുന്നത്.
രഥോത്സവത്തിലെ ഏറ്റവും മനോഹരമായ സമയങ്ങൾ ആണ് ഇപ്പൊൾ. മൂന്നു നാളുകളിലായി ഇവിടെ രഥങ്ങൾ ഉരുളും. ഈ വർഷം നവംബർ 13, 14, 15 തിയതികളിലാണ് കല്പാത്തിയിൽ തേരുത്സവം. ഏറ്റവും പ്രധാനപ്പെട്ട ദിവസം മൂന്നാം ദിവസമാണ്. കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രമാണ് രഥോത്സവത്തിന്‍റെ പ്രധാന ഇടം.
കൊടിയേറ്റം കഴിഞ്ഞ് തുലാം 30ന് നടക്കുന്ന ദേവരഥസംഗമം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുകയെന്നത് ഇവിടുത്തുകാരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഈ ഒരു ദിവസത്തിനായാണ് ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും കൽപ്പാത്തിക്കാർ ഇവിടേക്ക് എത്തുന്നത്.
രഥോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പ്രാദേശിക അവധി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
Devaratha Sangam today at Kalpathi; Today is a local holiday in Palakkad Taluk





