14
Sep 2025
Thu
14 Sep 2025 Thu
Dharmasthala case

മംഗളൂരു: വ്യാജ ആരോപണമെന്ന് വരുത്തി കേസ് ക്ലോസ് ചെയ്യാനുള്ള നീക്കത്തിനിടെ ധര്‍മസ്ഥല കൂട്ടക്കുഴിമാട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച നേത്രാവതി സ്‌നാനഘട്ടത്തിന് സമീപം ബംഗ്ലഗുഡ്ഡയില്‍ 9 സ്ഥലങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗ്ലഗുഡ്ഡയിലെ 12 ഏക്കര്‍ വനമേഖലയില്‍ നിരവധി അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടുവെന്ന വിട്ടല്‍ ഗൗഡ മൊഴി നല്‍കിയതിന് പിന്നാലെയാണ് എസ്‌ഐടി തിരച്ചില്‍ പുനരാരംഭിച്ചത്. 13 വര്‍ഷം മുമ്പ് ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിയു കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതൃസഹോദരനാണ് വിട്ടല്‍ ഗൗഡ.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ കുഴിച്ചുമൂടിയെന്ന് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി, കര്‍ണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജൂലൈ 19-ന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി ചിന്നയ്യ അടയാളപ്പെടുത്തിയ 17 സ്ഥലങ്ങളില്‍ കുഴിച്ചെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

ALSO READ: ഡേറ്റിങ് ആപ്പ് വഴി ആണ്‍കുട്ടിക്ക് പീഡനം; യൂത്ത് ലീഗ് നേതാവിനെ തിരഞ്ഞ് പോലീസ്; ആപ്പിനെതിരേ നടപടി വരും

ധര്‍മസ്ഥലയില്‍ നിന്ന് കുഴിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ നിന്ന് സംഘടിപ്പിച്ചതാണെന്നും, അതിന് 40 വര്‍ഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തില്‍ എത്തിയതോടെ കേസ് അന്വേഷണം വഴിതിരിഞ്ഞിരുന്നു. തുടര്‍ന്ന് ചിന്നയ്യയെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു എന്നാല്‍, ചിന്നയ്യക്ക് തലയോട്ടി താന്‍ ധര്‍മസ്ഥലയില്‍ നിന്ന് കുഴിച്ചെടുത്ത് നല്‍കിയാണെന്ന വെളിപ്പെടുത്തലോടെ വിട്ടല്‍ ഗൗഡ രംഗത്തെത്തി.

ഈ മാസം രണ്ട് ദിവസങ്ങളിലായി എസ്‌ഐടി ഗൗഡയെ ബംഗ്ലഗുഡ്ഡയില്‍ ഒപ്പം കൊണ്ടുപോയി മഹസര്‍ തയ്യാറാക്കി. ഇതിന്റെ വിവരങ്ങളും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഗൗഡ വീഡിയോ പുറത്തുവിട്ടു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എസ്‌ഐടി ഖനനം പുനരാരംഭിച്ചത്.

ചിന്നയ്യ നേരത്തെ ചൂണ്ടിക്കാട്ടിയ 11-ാം സ്ഥലത്ത് നിന്ന് കുറച്ച് മാറിയാണ് ബുധനാഴ്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി എസ്‌ഐടി അസ്ഥികൂടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിട്ടല്‍ ഗൗഡ പരാമര്‍ശിച്ച അതേ സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എസ്‌ഐടി ഉദ്യോഗസ്ഥര്‍, ബെല്‍ത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍, ക്രൈം സീന്‍ ഓഫീസര്‍മാര്‍ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക