12
Jan 2026
Thu
12 Jan 2026 Thu
HARIPAD THALUK HOSPITAL

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരില്‍ രണ്ടു പേരാണ് രണ്ടു ദിവസത്തിനിടെ മരിച്ചത്. രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.

29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേര്‍ക്കു വിറയലും ഛര്‍ദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള 3 പേരില്‍ മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മജീദ് 30ന് രാത്രി 10.30ന് ഹൃദ്രോഗബാധയെത്തുടര്‍ന്നു മരിച്ചു. രാമചന്ദ്രന്‍ ഇന്നലെ രാവിലെ 7.05നും മരിച്ചു.

ALSO READ: ബംഗളൂരു ബുള്‍ഡോസര്‍ രാജ്: കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘മിനി ബംഗ്ലാദേശ്’ സൃഷ്ടിക്കുന്നുവെന്ന് ബിജെപി

ആശുപത്രിയില്‍ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികള്‍ക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുണ്‍ ജേക്കബ് വ്യക്തമാക്കിയത്. ആശുപത്രിയില്‍ നിന്ന് അണുബാധ ഉണ്ടാകാനാണെങ്കില്‍ ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളം മെഷീന്‍ എന്നിവയില്‍ നിന്നാണ്. അത് എല്ലാ മാസവും പരിശോധിക്കാറുണ്ട്. ഇങ്ങനെ ഒരും സംഭവം ഉണ്ടായപ്പോള്‍ തന്നെ വീണ്ടുമൊരു പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി വന്ന രണ്ട് റിപ്പോര്‍ട്ടിലും നെഗറ്റീവായിരുന്നു റിസള്‍ട്ട്.

എന്തായാലും ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹൈലെവല്‍ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ട്. ഒരു രോഗി മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

മജീദിന്റെ കബറടക്കം നടത്തി. ഭാര്യ പരേതയായ പൊടിമോള്‍. മക്കള്‍: ജാസ്മിന്‍, താഹിറ. മരുമക്കള്‍: ബിജു, റിയാസ്. രാമചന്ദ്രന്റെ സംസ്‌കാരം നടത്തി. ഭാര്യ അംബിക. മക്കള്‍: ആതിര, വൈശാഖ്, മരുമകന്‍: ഹരികുമാര്‍.