01
Apr 2026
Wed
01 Apr 2026 Wed
director Ranjith arrested

കൊച്ചി: യുവനടിയുടെ പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമാ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയില്‍ രഞ്ജിത്ത് ഇന്നലെ രാത്രിയോടെ അറസ്റ്റിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറസ്റ്റിന് പിന്നാലെ രഞ്ജിത്തിനെ രാത്രി 1 മണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന വിധേയമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആവശ്യമായ ചികില്‍സ നല്‍കി. വ്യാജ പരാതിയാണ് എന്ന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങവേ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൊടുപുഴയില്‍ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.

ജനുവരി 8ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നല്‍കിയ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

ALSO READ: പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

പണി എന്ന സിനിമയിലെ നടന്‍ ബോബി കുര്യന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. പിടികൂടുമ്പോള്‍ ബോബി കുര്യനും രഞ്ജിത്തിന്റെ കൂടെ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി. രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു.

ഡിജിപിക്കായിരുന്നു യുവതി പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.