13
Sep 2025
Tue
13 Sep 2025 Tue
Director Sanal Kumar Sasidharan granted bail in actress defamation case

കൊച്ചി: നടിയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍വച്ച് ഞായറാഴ്ചയാണ് സനല്‍ കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. പിന്നീട് കൊച്ചിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്. സനല്‍ കുമാര്‍ ശശിധരന്റെ മൊബൈല്‍ ഫോണ്‍ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷമാണ് സംവിധായകനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്തുടര്‍ന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നടി ഇ മെയിലില്‍ നല്‍കിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തില്‍ നടി പൊലീസിനു മൊഴി നല്‍കിയതാണ്. കേസെടുക്കുമ്പോള്‍ സനല്‍ കുമാര്‍ യുഎസില്‍ ആയിരുന്നു. സനല്‍ കുമാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു വിമാനത്താവളത്തില്‍ തടഞ്ഞത്. തടഞ്ഞ കാര്യം കഴിഞ്ഞദിവസം സനല്‍ കുമാര്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

കേസില്‍ പോലീസ് അറസ്റ്റ്‌ചെയ്തപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് സനല്‍കുമാര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ പ്ലാറ്റ്‌ഫോമില്‍ വീഴുകയും ചെയ്തു.

‘എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത് ? ഞാന്‍ എന്താ കൊലക്കുറ്റം ചെയ്‌തോ. ഞാന്‍ മോഷ്ടിച്ചോ?. ഞാന്‍ ഖജനാവ് കൊള്ളയടിച്ചോ?. ഞാന്‍ മാസപ്പടി വാങ്ങിയോ?. ഞാന്‍ പ്രേമിച്ചു. രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ?. ഒരാളെ സ്‌നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം?. ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്’ – സനല്‍ കുമാര്‍ പറഞ്ഞു.

Director Sanal Kumar Sasidharan granted bail in actress defamation case