24
Jul 2024
Sun
24 Jul 2024 Sun

മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം: എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ IPSന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തി(SIT)ന് കൈമാറി സംസ്ഥാന പോലീസ് ഉത്തരവിറക്കി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി വി. സുരേഷ്, വയനാട് SySP ബിജുലാല്‍, മെഡിക്കല്‍ കോളേജ് സി.ഐ ജിജേഷ് പി.കെ, നടക്കാവ് സ്റ്റേഷനിലെ ബിനു മോഹന്‍, ശ്രീകാന്ത്, ഷിജിത്, സജീഷ്, സൈബര്‍ സെല്ലിലെ ശ്രീജിത് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്.

കേസ് സംബന്ധമായ എല്ലാ രേഖകളും എത്രയും പെട്ടെന്ന് പുതിയ സംഘത്തിന് കൈമാറണമെന്നും എല്ലാ 15 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും അഡിഷണല്‍ ഡിജിപി എം.ആര്‍ അജിത്കുമാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. പെരുമ്പാവൂര്‍ ജിഷ വധക്കേസ് ഉള്‍പ്പെടെ തുമ്പില്ലാതിരുന്ന പ്രമാദമായ പല കേസുകളും തെളിയിച്ച ശശിധരന്‍ IPS നേതൃത്വം നല്‍കുന്ന പുതിയ ടീം അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ പുരോഗതിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് ആട്ടൂരിന്റെ കുടുംബം.

കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മുഖ്യമന്ത്രിയെ നേരില്‍ കാണുകയുംചെയ്തു. പിന്നാലെയാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.

2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കോഴിക്കോട് നഗരത്തില്‍നിന്ന് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ ആദ്യം നടക്കാവ് പൊലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവുമാണ് കേസ് അന്വേഷിച്ചത്.

നിഗൂഢമായ സാഹചര്യങ്ങളാണ് ആട്ടൂര്‍ മുഹമ്മദിന്റെ തിരോധാനത്തിലുള്ളതെന്നും, ഗൂഢാലോചന സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. മുഹമ്മദ് ആട്ടൂര്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി സാധാരണ യാത്രകള്‍ പോകാറുണ്ടെങ്കിലും പോകുന്ന കാര്യങ്ങള്‍ കുടുംബത്തെ അറിയിക്കാറുണ്ട്. ഫോണിലും ലഭ്യമാകാറുണ്ട്. കാണാതായ ദിവസം മുഹമ്മദ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. ഒപ്പം നഗരത്തിലെയും അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച കോഴിക്കോട് തലക്കുളത്തൂര്‍ ഭാഗത്തെയോ സി.സി.ടി.വികളിലൊന്നും ആട്ടൂര്‍ മുഹമ്മദിന്റെയോ, സംശയാസ്പദ ദൃശ്യങ്ങളോ ലഭിച്ചിട്ടില്ല. ഇതാണ് ആട്ടൂരിന്റെ തിരോധാനത്തില്‍ ദൂരൂഹത വര്‍ധിപ്പിക്കുന്നത്.

Disappearance of Mohammad Attur: Special team headed by SP to investigate