31
Sep 2025
Fri
31 Sep 2025 Fri

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിലെ ജനവാസ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പശ്ചാത്തലത്തിൽ അടിയന്തര ഉച്ചകോടി ചേരാൻ അറബ് – ഇസ്ലാമിക് രാഷ്ട്രങ്ങൾ തീരുമാനിച്ചു. ആക്രമണത്തിന് ഏതുരീതിയിൽ പ്രതികാരം ചെയ്യണമെന്ന് ആലോചിക്കാൻ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി വിളിച്ചുചേർത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന യോഗം അന്താരാഷ്ട്ര തലത്തിൽ ഇസ്‌റാഈലിനെതിരേ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കും. ഇസ്‌റാഈലിനെതിരേ ഒന്നിച്ചു നീങ്ങാൻ തയാറെടുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രത്യേക യോഗവും ചേരുന്നുണ്ട്. അറബ് – ജി.സി.സി രാഷ്ട്രങ്ങളിലെ മന്ത്രിതല ഉന്നത സമിതികളും കൂടിയാലോചന നടത്തുന്നുണ്ട്.

ആഗോള വേദികളിൽ ഇസ്‌റാഈലിനെതിരേ സ്വീകരിക്കേണ്ട നിയമവശങ്ങൾ ചർച്ചചെയ്യാൻ ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കൂടിയാലോചന നടത്തിയിരുന്നു.

ഇസ്റാഈലിന് പ്രാദേശികതലത്തിൽ കൂട്ടായ തിരിച്ചടി നൽകണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽഥാനി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകും. മേഖലയിലെ മറ്റു പങ്കാളികളുമായി വിഷയം ചർച്ചചെയ്തു വരികയാണ്. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അൽഥാനി പറഞ്ഞു.

അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചടങ്ങിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽഥാനിയുൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ആക്രമണത്തിൽ ഖത്തർ സുരക്ഷ ഉദ്യോഗസ്ഥൻ അടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തര സുരക്ഷ സേന അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി കൊല്ലപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

Doha to host emergency Arab-Islamic summit to discuss Israeli attack on Qatar