20
Jul 2026
Mon
20 Jul 2026 Mon
Donald Trump had to be asked to leave the World Cup podium

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ സ്‌പെയിനിന്റെ കിരീട ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറിനിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രോഫി കൈമാറ്റത്തിന് ശേഷം വേദിയില്‍ നിന്നും മാറാന്‍ മടിച്ചുനിന്ന ട്രംപിനെ ഒടുവില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരിട്ടെത്തി മാറ്റിനിര്‍ത്തേണ്ടി വന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രിക്ക് ട്രോഫി സമ്മാനിച്ച ശേഷം ക്യാമറ ഫ്രെയിമില്‍ നിന്നും മാറാന്‍ ട്രംപ് വിസമ്മതിക്കുകയായിരുന്നു. ടീമിനൊപ്പം ആഘോഷിക്കാന്‍ നില്‍ക്കുകയായിരുന്ന റോഡ്രി, ട്രംപിനോട് ഒതുങ്ങിനില്‍ക്കാന്‍ സൂചന നല്‍കിയെങ്കിലും അദ്ദേഹം മാറിയില്ല. സ്പാനിഷ് താരങ്ങളുടെ കിരീട ആഘോഷം വൈകുന്ന അവസ്ഥ വന്നതോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്നെ ഇടപെടുകയായിരുന്നു. ട്രംപിന്റെ കൈപിടിച്ച് അദ്ദേഹത്തെ പോഡിയത്തിന്റെ വശത്തേക്ക് മാറ്റിയെങ്കിലും സ്പാനിഷ് ടീമിലെ അവസാനത്തെ കളിക്കാരന് തൊട്ടടുത്ത് തന്നെ ട്രംപ് നില്‍ക്കുന്നത് കാണാമായിരുന്നു.

കൈ കൊടുക്കാതെ റൊമേറോ; ട്രംപിന് കാണികളുടെ കൂവല്‍

സമ്മാനദാന ചടങ്ങിനിടെ അര്‍ജന്റീന പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോ ഡൊണാള്‍ഡ് ട്രംപിന് കൈ കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റൊമേറോ കൈ നല്‍കാതെ നടന്നുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

മത്സരശേഷം പുരസ്‌കാര വിതരണത്തിനായി മൈതാനത്തേക്ക് എത്തിയ ഡൊണാള്‍ഡ് ട്രംപിനെയും ഫിഫ മേധാവി ഇന്‍ഫാന്റിനോയെയും ഗാലറിയിലുണ്ടായിരുന്ന കാണികള്‍ ശക്തമായ കൂവലുകളോടെയാണ് (Boos) വരവേറ്റത്. ന്യൂയോര്‍ക്കിന് സമീപമുള്ള സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 1-0 ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

Donald Trump Sparks Awkward World Cup Podium Moment