ആംസ്റ്റര്‍ഡാം: ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ സമ്മറില്‍ റയല്‍ മാഡ്രിഡ് വിട്ട ഹസാര്‍ഡ് വേറെ ഒരു ക്ലബിലും ചേര്‍ന്നിരുന്നില്ല. അവസാന കുറച്ച് വര്‍ഷങ്ങക്കായി പരിക്കിനോട് പോരാടുന്ന താരം ഇന്ന് വിരമിക്കാനുള്ള തീരുമാനം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചു. നേരത്തെ ലോകകപ്പില്‍ നിന്ന് ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. ഇന്ന് താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
|
ചെല്‍സിയില്‍ അത്ഭുതങ്ങള്‍ കാണിച്ചിരുന്ന ഹസാര്‍ഡിന്റെ കരിയര്‍ റയല്‍ മാഡ്രിഡില്‍ എത്തിയതോടെയാണ് താഴോട്ടേക്ക് പതിച്ചത്. പരിക്ക് കാരണം ഒരിക്കലും റയലിനായി ഒരു നല്ല സ്‌പെല്‍ ഹസാര്‍ഡിന് കിട്ടിയിരുന്നില്ല. ചെല്‍സിയില്‍ 7 സീസണ്‍ കളിച്ച ഹസാര്‍ഡ് 6 കിരീടങ്ങള്‍ അവിടെ നേടിയിരുന്നു. 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകള്‍ അദ്ദേഹം നീല ജേഴ്‌സിയില്‍ നേടി.
2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ സെമിഫൈനലിലെത്തിയ ബെല്‍ജിയന്‍ ടീമിലെ പ്രധാനി ആയിരുന്നു ഹസാര്‍ഡ്. ബെല്‍ജിയത്തിനായി 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളും 36 അസിസ്റ്റും ഹസാര്‍ഡ് നേടിയിട്ടുണ്ട്.


