25
Jun 2024
Wed
25 Jun 2024 Wed
Suresh Gopi

തിരുവനന്തപുരം: തൃശൂരില്‍ തകര്‍പ്പന്‍ വിജയം നേടിയ സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. കേന്ദ്രം കേരളത്തിന് നല്‍കുന്ന ഒരു അംഗീകാരമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം ഉടന്‍ നടത്തുമെന്നും സി കൃഷ്ണകുമാര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത തൃശൂരില്‍, ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ഇക്കുറി പാര്‍ലമെന്റില്‍ ബിജെപി കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കുന്നതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബിജെപിക്കും സുരേഷ് ഗോപിക്കും ഇത് കുതിപ്പായി മാറും.

നടനും പത്മശ്രീ ജേതാവുമായ സുരേഷ് ഗോപിക്ക് ലോക്സഭയിലേക്ക് ഇത് രണ്ടാം അങ്കമായിരുന്നു. 2019ല്‍ തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൃശൂരില്‍ നിന്ന് 2021ല്‍ നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016 മുതല്‍ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. പഠന കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ബിജെപി അംഗമാവുകയും രാജ്യസഭയിലെത്തുകയുമായിരുന്നു.

കേരളത്തില്‍ ഇനിയും താമര വിരിയും: പത്മജ

കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം വലിയ രീതിയില്‍ കൂടി. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു.

കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് പത്മജ പറഞ്ഞു. അപമാനം കൊണ്ട് പൊട്ടിക്കരഞ്ഞാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ്. തന്റെ തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു.