|
ബെർലിൻ: യൂറോ കപ്പിൽ പ്രി ക്വാർട്ടറിലെത്തി ആതിഥേയരായ ജർമൻ സംഘം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ഹംഗറിയെ ആണ് ജർമൻ പട കീഴടക്കിയത്.
യുവതാരം ജമാല്‍ മുസിയാലയും ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗനുമാണ് ഗോളുകൾ നേടിയത്. യൂറോ കപ്പിൽ ഇത് ജർമനിയുടെ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ ജർമൻപട 5–1നു തോൽപിച്ചിരുന്നു.
മത്സരത്തിലുടനീളം ജര്‍മനി ആധിപത്യം തുടര്‍ന്നെങ്കിലും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് ആണ് ഹംഗറിക്ക് തിരിച്ചടിയായത്. കളിതുടങ്ങി 15-ാം സെക്കന്‍ഡില്‍ തന്നെ ഹംഗറി ഗോളനടുത്തെത്തിയിരുന്നു. കിക്കോഫിന് തൊട്ടുപിന്നാലെ ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റുഡിഗറിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച റോളണ്ട് സല്ലായിയുടെ ഗോള്‍ ശ്രമം പക്ഷേ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ പരാജയപ്പെടുത്തി.
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയിലൂടെ ജര്‍മനി മുന്നിലെത്തി. ഹംഗറി ബോക്‌സില്‍ വെച്ച് മുസിയാലയും ഗുണ്ടോഗനും ചേര്‍ന്നുള്ള ശ്രമമാണ് ഗോളില്‍ കലാശിച്ചത്. മുസിയാല ടാപ് ചെയ്ത് ബോക്‌സിലേക്ക് നല്‍കിയ പന്തുമായി മുന്നേറിയ ഗുണ്ടോഗനെ തടയാന്‍ വില്ലി ഒര്‍ബാന്‍ മുന്നില്‍കയറിയെങ്കിലും താരം നിലതെറ്റി വീണുപോകുകയായിരുന്നു. ഒട്ടും സമയം കളയാതെ പന്ത് പിടിച്ചെടുത്ത് ഗുണ്ടോഗന്‍ നല്‍കിയ പാസ് മുസിയാല വലയിലെത്തിച്ചു, 1-0.
ഹംഗറിയുടെ പിഴവിൽനിന്നു ജർമനി ലീഡ് ഉയർത്തി. 67-ാം മിനിറ്റില്‍ ഗുണ്ടോഗൻ നീട്ടിയടിച്ച പന്ത് വലകുലുക്കിയതോടെ ജർമനി ജയം ഉറപ്പിച്ചു. ജര്‍മന്‍ താരങ്ങള്‍ക്ക് അനാവശ്യമായി സ്‌പേസ് നല്‍കിയ ഹംഗറിയുടെ പിഴവാണ് ഗോളിന് വഴിവെച്ചത്. ബോക്‌സിന്റെ ഇടതുഭാഗം വഴി അനായാസം പന്തുമായി മുന്നേറി മാക്‌സിമിലിയന്‍ മിറ്റെല്‍സ്റ്റാറ്റ് കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഇടംകാലനടിയിലൂടെ ഗുണ്ടോഗന്‍ വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തില്‍ പിങ്കും പര്‍പ്പിളും ഇടകലര്‍ന്ന ജര്‍മനിയുടെ പുതിയ ജേഴ്‌സിയില് അവർ വിജയം തീർക്കുക ആയിരുന്നൂ.
Germany vs Hungary Highlights, UEFA Euro 2024: Jamal Musiala, Ilkay Gundogan Score As Germany Beat Hungary 2-0


