28
Oct 2026
Wed
28 Oct 2026 Wed
Sharjah Closes All Beaches After UAE Oil Spill

യുഎഇ തീരക്കടലിലുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് കടൽ മലിനീകരണ ഭീതിയിൽ ഷാർജയിലെ മുഴുവൻ ബീച്ചുകളും അടച്ചു. എണ്ണ കടൽത്തീരത്തേക്ക് എത്തുന്നത് തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് അധികൃതരുടെ നടപടി. കഴിഞ്ഞയാഴ്ചയാണ് യുഎഇ തീരത്തിന് സമീപം ടാങ്കറിൽനിന്ന് എണ്ണ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീച്ചുകളുടെ സുരക്ഷ ഉറപ്പാക്കാനും മലിനീകരണം തീരത്തേക്ക് വ്യാപിക്കുന്നത് തടയാനും പ്രത്യേക സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഷാർജ അധികൃതർ അറിയിച്ചു. പൊതുജനങ്ങളും കടൽത്തീരങ്ങളിൽ എത്തുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഔദ്യോഗിക ചാനലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്.

ഒക്ടോബർ 23ന് അൽ ഹംറിയ ബീച്ച് മുൻകരുതലിന്റെ ഭാഗമായി അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാർജയിലെ മുഴുവൻ തീരപ്രദേശങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചത്.

മൂന്ന് എമിറേറ്റുകളിൽ ബീച്ചുകൾ അടച്ചു

എണ്ണച്ചോർച്ചയുമായി ബന്ധപ്പെട്ട് ഉമ്മുൽ ഖുവൈനിലും റാസൽഖൈമയിലും ബീച്ചുകൾ അടച്ചിട്ടുണ്ട്. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഉമ്മുൽ ഖുവൈൻ തീരക്കടലിലെ എണ്ണച്ചോർച്ചയാണ് വിവിധ എമിറേറ്റുകളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധനഗന്ധത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു.

ഉമ്മുൽ ഖുവൈനിലെ തീരപ്രദേശങ്ങൾ അടച്ചത് മലിനീകരണത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും കടൽജീവികളുടെ സംരക്ഷണവും പൊതുജനസുരക്ഷയും ഉറപ്പാക്കുന്നതിനുമാണ്. തുടർന്ന് റാസൽഖൈമയും അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ബീച്ചുകളും അടച്ചു.

പ്രാദേശിക മത്സ്യബന്ധനം നിലച്ചു

എണ്ണച്ചോർച്ചയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രാദേശിക മത്സ്യബന്ധനം താൽക്കാലികമായി നിലച്ചിട്ടുണ്ട്. എന്നാൽ ഉമ്മുൽ ഖുവൈൻ മത്സ്യമാർക്കറ്റിൽ മത്സ്യലഭ്യതയ്ക്ക് വലിയ കുറവില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. ഒമാനിൽനിന്ന് ദിവസേന പുതിയ മത്സ്യങ്ങൾ എത്തുന്നുണ്ടെന്നും സാധാരണ ലഭിക്കുന്ന മിക്ക ഇനങ്ങളും വിപണിയിലുണ്ടെന്നും അവർ വ്യക്തമാക്കി.

സാങ്കേതിക വിദഗ്ധർ പരിശോധനകൾ പൂർത്തിയാക്കി സുരക്ഷാ വിലയിരുത്തലുകൾ നടത്തുന്നതുവരെ ബീച്ചുകൾ അടഞ്ഞുകിടക്കും. സംഭവത്തെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 46 മരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക