ഗെല്‍സന്‍കിര്‍ഹന്‍: യൂറോ കപ്പിന് ആദ്യമായി വന്ന സംഘം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനുമെതിരേ ചരിത്ര വിജയം നേടി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. (Euro cup 2024: Portugal vs Georgia match updates) പ്രീക്വാര്‍ട്ടറില്‍ സ്പെയിനാണ് ജോര്‍ജിയയുടെ എതിരാളി.
|
ജോര്‍ജിയയിലെ ടിബിലിസി ആസ്ഥാനമായുള്ള എഫ്സി ഡിനാമോ ടിബിലിസി എന്ന ഫുട്ബോള്‍ ക്ലബ് അക്കാദമി 2013ല്‍ ഉദ്ഘാടനം ചെയ്തതു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. 11 വര്‍ഷങ്ങള്‍ക്കു ശേഷം ആ അക്കാദമിയിലെ 11 യുവതാരങ്ങള്‍ വീണ്ടും ക്രിസ്റ്റ്യാനോയെ കണ്ടു; യൂറോയില്‍ പോര്ച്ചുഗലിനെതിരെയുള്ള ജോര്‍ജിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍!
അന്ന് അക്കാദമിയുലുണ്ടായിരുന്ന കവിച്ച കവാരട്ഹെലിയയുടെ ഗോളിലും മറ്റൊരു പെനല്‍റ്റി ഗോളിലുമാണ് ജോര്‍ജിയയുടെ സ്പ്ന സമാന ജയം. സ്കോര്‍: ജോര്‍ജിയ2, പോര്‍ച്ചുഗല്‍ 0. തോറ്റെങ്കിലും 6 പോയിന്റുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായാണു (4 പോയിന്റ്) ജോര്‍ജിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
പോര്‍ച്ചുഗലിനെ ഞെട്ടിച്ച് 2ാം മിനിറ്റിലാണു നാപ്പോളി താരമായ കവാരട്ഹെലിയ സ്കോര്‍ ചെയ്തത്. ഡിഫന്‍ഡര്‍ ആന്റോണിയോ സില്‍വയുടെ പിഴവില്‍ നിന്നു ലഭിച്ച പന്തുമായി പോര്‍ച്ചുഗല്‍ ഗോളിലേക്ക് ഓടിയെത്തിയ കവാരട്ഹെലിയ കൃത്യമായി ഫിനിഷ് ചെയ്തു. 57ാം മിനിറ്റില്‍ ജോര്‍ജസ് മികൗടഡസാണ് ജോര്‍ജിയയ്ക്കായി പെനല്‍റ്റി സ്കോര്‍ ചെയ്തത്. മത്സരത്തിലുടനീളം ഗംഭീരമായ സേവുകള്‍ കൊണ്ട് നിറഞ്ഞുനിന്ന ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്‍ദഷ്വിലിയാണ് ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. പോര്‍ച്ചുഗലിന്റെ എണ്ണം പറഞ്ഞ ഗോളുകളാണ് താരം തടഞ്ഞിട്ടത്.
കീപ്പറെക്കൂടാതെ ജോര്‍ജിയന്‍ താരങ്ങളും ഗ്രൗണ്ടില്‍ വലകെട്ടി. പോര്‍ച്ചുഗീസിന്റെ ഗോള്‍ശ്രമങ്ങളെ ഒന്നൊന്നായി നിര്‍വീര്യമാക്കുകയായിരുന്നു അവര്‍. ക്രിസ്റ്റിയാനോയും ഫെലിക്സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവസരങ്ങള്‍ കളഞ്ഞു. ഇതിനിടയില്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് പോര്‍ച്ചുഗീസ് ഗോള്‍മുഖവും ഗോള്‍ക്കീപ്പറെയും വിറപ്പിക്കാനും ജോര്‍ജിയന്‍ താരങ്ങള്‍ക്ക് സാധിച്ചു.
ചെക്ക് റിപബ്ലിക്കിനെ വീഴ്ത്തി തുര്‍ക്കി
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റെഡ് കാര്‍ഡ് നേടി 10 പേരായി ചുരുങ്ങിയിട്ടും തളരാതെ പിടിച്ചു നിന്ന ചെക്ക് റിപ്പബ്ലിക്കിനെ അവസാന നിമിഷം തോല്പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി. സ്കോര്‍: തുര്‍ക്കി: 2, ചെക്ക്: 1. തുര്‍ക്കിക്കായി ക്യാപ്റ്റന്‍ ഹക്കാന്‍ ടള്ഹാനൊഗ്ലുവു (51ാം മിനിറ്റ്), സെക് ടോസു (90+4) എന്നിവര്‍ ഗോള്‍ നേടി. ചെക്ക് റിപ്പബ്ലിക്കിനായി ക്യാപ്റ്റന്‍ തോമസ് സൗചെക്ക് (66) സ്കോര്‍ ചെയ്തു. ഗോള്‍ വ്യത്യാസത്തിലെ ആനുകൂല്യവും 6 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതു ഫിനിഷ് ചെയ്താണു തുര്‍ക്കി നോക്കൗട്ടിലെത്തിയത്.


