01
Nov 2023
Thu
01 Nov 2023 Thu

അജ്മാനില്‍ കാറിന് തീപിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജ് (41) ആണ് മരിച്ചത്. ജിമ്മി ഓടിച്ച കാര്‍ റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനുള്ളില്‍ നിന്ന് ജിമ്മിയുടെ മൃതദേഹവും ലഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിമ്മി. അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസം. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ദീപ്തി തോമസ്. ഒരു മകനുണ്ട്. മഞ്ഞപ്ര മേലേപിടികയില്‍ ചാണ്ടി ജോര്‍ജ് – ലീലാമ്മ ജോര്‍ജ് ദമ്പതികളുടെ മകനാണ്.

സൗദി അറേബ്യയിലെ അല്‍ബാഹയിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ (48) ആണ് മരിച്ചത്. സഹപ്രവര്‍ത്തകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് കാറുമായി പോകുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അല്‍ബാഹ-ഹഖീഖ് റോഡിലായിരുന്നു അപകടം.

അല്‍ ബാഹയിലെ ഷാമഖ് ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു ജാഫര്‍. സൗദിയിലേക്ക് മടങ്ങിയെത്തിയ സഹപ്രവര്‍ത്തകനെ കൂട്ടാന്‍ ജാഫര്‍ ഒറ്റയ്ക്കാണ് കാറുമായി പോയത്. ഇതിനിടെ അല്‍ബാഹ-ഹഖീഖ് റോഡില്‍ വെച്ച് ജാഫര്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ജാഫരര്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാന്‍ പൗരനും സൗദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ 25 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു ജാഫര്‍. തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ ഷമീറയും ഇളയ മകള്‍ അഞ്ച് വയസുകാരി മിന്‍സ ഫാത്തിമയും കഴിഞ്ഞ മാസം സന്ദര്‍ശന വിസയില്‍ അല്‍ബാഹയില്‍ എത്തിയിരുന്നു. മൃതദേഹം ഹഖീഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ ഹസൈനാര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫസലുറഹ്‌മാന്‍, ഫര്‍സാന

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക