കാസര്‍കോട്: 150 കോടിയോളം രൂപയുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കടുത്ത നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.(Fashion Gold jwellery scam: Former League MLA MC Khamaruddin’s property confiscated) ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുസ്ലിം ലീഗിന്റെ മുന്‍ എംഎല്‍എയുമായ എംസി ഖമറുദ്ദീന്റെ സ്വത്ത് ഇഡി കണ്ടു കെട്ടി.
|
ഖമറുദ്ദീനെ കൂടാതെ കമ്പനി എംഡിയും ലീഗ് നേതാവുമായ ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്സിലാണ് ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്.
ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.
ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ആകെ 800 പേരില്‍ നിന്ന് 150 കോടിയോളം രൂപ സമാഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ബഡ്സ് ആക്ട്, നിക്ഷേപക താല്പര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. നിക്ഷേപ തട്ടിപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 168 കേസുകളാണ്.
മുസ്ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആര്‍ജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയില്‍ വീഴ്ത്തിയത്. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് ആദ്യം ആരും പരാതി നല്കാന് തയ്യാറാവാതിരുന്നത്. നേതാക്കള്‍ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയത്.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് എംസി ഖമറുദ്ദീന് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാണക്കാട് പരാതിയുമായി എത്തിയതോടെ ലീഗ് വിഷയത്തില്‍ ഇടപെടുകയും എത്രയും പെട്ടെന്ന് നിക്ഷേപകര്‍ക്ക് പണം കൊടുത്തു തീര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ ഉറപ്പ് വിശ്വസിച്ച് പലരും കേസില്‍ നിന്ന് വിട്ടുനിന്നെങ്കിലും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
2023 ആഗസ്തില്‍ ടി കെ പൂക്കോയ തങ്ങളുടെയും എം സി ഖമറുദ്ദീന്റെയും പേരിലുള്ള നിരവധി സ്വത്തുക്കള്‍ സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു.
പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജുല്ലറി കെട്ടിടം, ബംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ ഒരേക്കര്‍ ഭൂമി, ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജുല്ലറിക്കുവേണ്ടി കാസര്‍കോട് ടൗണില്‍ വാങ്ങിയ ഭൂമി, പൂക്കോയ തങ്ങളുടെ പേരിലുള്ള മാണിയാട്ടെ സ്ഥലം, ഖമറുദ്ദീന്റെ പേരില്‍ ഉദിനൂരിലുള്ള 17 സെന്റ് സ്ഥലം, ഖമറുദ്ദീന്റെ ഭാര്യയുടെ പേരിലുള്ള 23 സെന്റ് സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





