ഇങ്ങനെയാകണം മാതാപിതാക്കള്‍; A+ കുറഞ്ഞ മകനെ ചേര്‍ത്തുപിടിച്ചുള്ള പിതാവിന്റെ പോസ്റ്റ് വൈറല്‍
|
മലപ്പുറം: SSLC ഫലം പുറത്തുവന്നതോടെ ഫുള്‍ എ പ്ലസ് ലഭിച്ച മക്കളുടെയും വീട്ടുകാരുടെയും മാര്‍ക്ക് ലിസ്റ്റ് സഹിതം സ്റ്റാറ്റസുകളുടെയും പോസ്റ്റുകളുടെയും ബഹളമായിരുന്നു ഇന്നലെ. എന്നാല്‍, ഇതിനിടെ എ പ്ലസ് കുറഞ്ഞ മകനെ ചേര്‍ത്തുപിടിച്ച് ഡി.വൈ.എഫ്.ഐ നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേര്‍ത്തുപിടിക്കുന്നു എന്ന് പറഞ്ഞ് മുഹമ്മദ് അബ്ബാസ് ആണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചത്. നന്നയി പന്തുകളിക്കുന്നതിനും, തന്റെ അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിനും മകനായ മുഹമ്മദ് ഹാഷിമിന് കുറിപ്പില്‍ അബ്ബാസ് നന്ദി പറയുന്നു. ജയപരാജയങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന് വില നല്‍കുന്ന ഒരു പിതാവിന്റെയും മകന്റെയും ദൃഢബന്ധമാണ് കുറിപ്പില്‍ വരച്ചിടുന്നത്.
അബ്ബാസിന്റെ കുറിപ്പ് വായിക്കാം
ഫുൾ എ പ്ലസ് ഒന്നുമില്ല.
രണ്ട് എ പ്ലസ് ,
ബാക്കി എ യും ,
ബി യും .
ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ
ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,
ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,
സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും
മുറ്റമടിക്കുകയും ചെയ്യുന്നതിന് .
ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്
ഒരോഹരി കൊടുക്കുന്നതിന് ,
ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,
നന്നായിട്ട് പന്തു കളിക്കുന്നതിന് ,
ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.
ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.
ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ
ഉപ്പ ,
അബ്ബാസ്.


