08
Oct 2026
Thu
08 Oct 2026 Thu
FBI Arrests Teen Mall Of America Terror Attack Plan

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിനസോട്ടയിലുള്ള പ്രശസ്തമായ ‘മോള്‍ ഓഫ് അമേരിക്ക’ (Mall of America) സമുച്ചയത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് 18-കാരനെ യു.എസ് ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷത്തോളമായി നിരീക്ഷണത്തിലായിരുന്ന യുവാവിന് ആയുധങ്ങള്‍ വില്‍ക്കാനെത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൊമാലി വംശജനും അമേരിക്കന്‍ പൗരനുമായ ഷെയ്ഖ്ദൂണ്‍ അബ്ദുള്ളി മഹ്‌മൂദ് (18) ആണ് അറസ്റ്റിലായത്.

ഐ.എസ്.ഐ.എസ് (ISIS) ഭീകരസംഘടനയുടെ പ്രതിനിധിയെന്ന വ്യാജേന എത്തിയ എഫ്.ബി.ഐയുടെ രഹസ്യ ഉദ്യോഗസ്ഥനില്‍ നിന്ന് 600 ഡോളര്‍ നല്‍കി എ.കെ-47 റൈഫിളും 200 റൗണ്ട് തിരകളും വാങ്ങുന്നതിനിടെ മിനസോട്ടയിലെ റിച്ച്ഫീല്‍ഡിലുള്ള പാര്‍ക്കില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്.

തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാളെ 2024 ഡിസംബര്‍ മുതല്‍ എഫ്.ബി.ഐയും രഹസ്യ വിവരദാതാക്കളും നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. ആദ്യം സൊമാലിയയില്‍ പോയി അല്‍-ഷബാബ് അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പോരാടാന്‍ പദ്ധതിയിട്ടിരുന്ന മഹ്‌മൂദ്, പിന്നീട് യാത്രയ്ക്ക് പണമില്ലെന്ന് കണ്ടതോടെ അമേരിക്കയില്‍ തന്നെ ആക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എഫ്ബിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ലക്ഷ്യം 60 പേരുടെ മരണം!

ഒക്ടോബര്‍ 24-ന് മോള്‍ ഓഫ് അമേരിക്കയില്‍ നടക്കുന്ന മോങ് (Hmong) വംശജരുടെ സാംസ്‌കാരിക ആഘോഷത്തിനിടെ പ്രവേശച്ച് 60ഓളം പേരെ വെടിവെച്ചുകൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് യു.എസ് അറ്റോര്‍ണി ഡാനിയല്‍ റോസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണം നടത്താന്‍ താന്‍ നൂറു ശതമാനം സന്നദ്ധനാണെന്നും ഒരു കാരണവശാലും പിന്മാറില്ലെന്നും ഇയാള്‍ എഫ്.ബി.ഐ ഒറ്റുകാരന് അയച്ച സന്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

മാതാപിതാക്കള്‍ക്ക് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്

2025 മെയ് മാസത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്ബിഐ നീക്കത്തില്‍ സംശയം തോന്നിയ യുവാവിന്റെ പിതാവ് വക്കീല്‍ മുഖേന സംസാരിക്കാം എന്നറിയിക്കുകയായിരുന്നു. പ്രാരംഭ വിചാരണയ്ക്കായി സെന്റ് പോളിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജയിലിലാണ്.

മതകാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുന്ന മുസ്ലിം ചെറുപ്പക്കാരെ, മതപണ്ഡിതരെന്ന വ്യാജേന ബന്ധപ്പെടുകയും നിരന്തരം തീവ്രവാദ ആശയങ്ങള്‍ കുത്തിവയ്ക്കുകയും ആക്രമണത്തിന് മുതിരുമ്പോള്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രം എഫ്ബിഐ നേരത്തേയും പല തവണ പ്രയോഗിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങളിലേക്ക് പോകാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുകയാണ് ഇതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നാണ് എഫ്ബിഐയുടെ ന്യായീകരണം.

Tags: Mall Of America Terror Plot, FBI Arrests Teen, Sheikhdoon Abdullahi Mohamud, US Terror Plot, ISIS Supporter Arrested, International News Malayalam, World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക