23
Jul 2023
Fri
23 Jul 2023 Fri

FIFA ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ? സാധ്യതയേറുന്നു; ടീമിന്റെ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോലാലംപുര്‍: സമീപലാകത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ആരാധകര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് അടുത്ത ലോകകപ്പില്‍ നമ്മുടെ ടീം കളിക്കുമോയെന്ന്. ഒരുകാലത്ത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒന്നായിരുന്നു ആ ചോദ്യമെങ്കിലും ഇന്നിപ്പോള്‍ അങ്ങിനെ സംഭവിച്ചുകൂടായ്കയില്ല എന്ന നിലയിലെത്തിയിരിക്കുന്നു. കാരണം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ റാങ്ക് 100ല്‍ താഴെയെത്തിയതും അതുവഴി ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ കടമ്പ അല്‍പ്പം കുറഞ്ഞതുമാണ് ഇന്ത്യക്ക് അനുഗ്രഹമായത്.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) യോഗ്യതാഘട്ടത്തിലെ രണ്ടാംറൗണ്ടില്‍നിന്ന് മുന്നേറാമെന്ന കണക്കുക്കൂട്ടലിലാണ് ടീം. ഖത്തര്‍, കുവൈത്ത് ടീമുകള്‍ ഉള്‍പ്പടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനോ മംഗോളിയയോ നാലാംടീമായും ഗ്രൂപ്പില്‍ ഇടംപിടിക്കും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ മൂന്നാംറൗണ്ടിലേക്ക് മുന്നേറും. സ്വന്തം തട്ടകത്തിലും എതിര്‍ തട്ടകത്തിലുമായാണ് മത്സരങ്ങള്‍. കോലാലംപുരിലെ എഎഫ്‌സി ആസ്ഥാനത്തുനടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുത്തത്. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍. അമേരിക്ക–ക്യാനഡ–മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് ആതിഥേയരാകുന്നത്.

ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍മാത്രമാണ് ഗ്രൂപ്പില്‍ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ഖത്തറിന്റെത് 59 ഉം ഇന്ത്യയുടെത് 99 ഉം ആണ് റാങ്ക്. കുവൈത്ത്–137, അഫ്ഗാന്‍–157, മംഗോളിയ 183 എന്നിങ്ങനെയാണ് മറ്റ് റാങ്കിങ്ങുകള്‍. കഴിഞ്ഞ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തര്‍ എഴുതിത്തള്ളാന്‍ പറ്റാത്ത ടീമാണെങ്കിലും അവസാനമായി അവരോടുള്ള ഇന്ത്യയുടെ പോരാട്ടം അത്ര ഏകപക്ഷീയമായിരുന്നില്ല. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കിയാല്‍ ഖത്തറിന് ഭീഷണിയുയര്‍ത്താന്‍ പോന്ന ടീമായി ഇന്ത്യ മാറുകയും ചെയ്തു.

ഈ സീസണില്‍ മികച്ച ഫോമിലാണ് ഇന്ത്യ. അവസാന 11 കളിയിലും തോല്‍വിയറിഞ്ഞിട്ടില്ല. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലും ചാമ്പ്യന്‍മാരായി. യോഗ്യതാ ഗ്രൂപ്പിലെ ടീമുകള്‍ക്കെതിരെയും നല്ല പ്രകടനമാണ് സമീപകാലത്ത് നടത്തിയത്. ഖത്തറിനെ രണ്ടുതവണ നേരിട്ടപ്പോള്‍ ഒരുപ്രാവശ്യം ഗോളടിക്കാതെ തളച്ചു. മറ്റൊരു കളിയില്‍ ഒരു ഗോളിന് പൊരുതിവീണു. കുവൈത്തിനോട് ഒരുജയവും സമനിലയും. ആദ്യ റൗണ്ടിലാണ് അഫ്ഗാനും മംഗോളിയയും ഏറ്റുമുട്ടുന്നത്. ജയിക്കുന്നവര്‍ എ ഗ്രൂപ്പിലെത്തും.

ലോകകപ്പ് ഫുട്‌ബോളില്‍ ഒരിക്കല്‍പോലും ഇന്ത്യ കളിച്ചിട്ടില്ല. 1950ല്‍ ബ്രസീലില്‍ ക്ഷണിക്കപ്പെട്ടെങ്കിലും പിന്‍വാങ്ങി. നാലുതവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തു. 1956 മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമിഫൈനലില്‍ എത്തിയതാണ് ലോകവേദിയിലെ എക്കാലത്തെയും മികച്ച പ്രകടനം.

ഇന്ത്യ, ഖത്തര്‍, കുവൈത്ത്, അഫ്ഗാനിസ്ഥാന്‍/മംഗോളിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയില്‍നിന്ന് രണ്ടുടീമാണ് മൂന്നാം റൗണ്ടിലെത്തുക.

എട്ട് ടീമുകള്‍ക്ക് യോഗ്യത
ഏഷ്യയില്‍നിന്ന് എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒരു ടീമിന് മറ്റൊരു വന്‍കരയിലെ പ്ലേ ഓഫ് മത്സരവും കളിക്കാം. 2026 ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം 48 ആക്കി ഫിഫ ഉയര്‍ത്തിയതോടെ ഓരോ വന്‍കരയിലെയും യോഗ്യതാ ടീമുകളുടെ എണ്ണവും കൂടി. കഴിഞ്ഞ പതിപ്പുവരെ നാല് ഏഷ്യന്‍ ടീമുകള്‍ക്കായിരുന്നു നേരിട്ട് യോഗ്യത. ഒരു പ്ലേ ഓഫ് സ്ഥാനവും.

അഞ്ച് റൗണ്ട്
ലോകകപ്പ് യോഗ്യതയില്‍ ഏഷ്യയില്‍നിന്ന് ആകെ 46 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രണ്ടാംറൗണ്ടില്‍ 36 ടീമുകള്‍. നാലുവീതം ടീമുകളുള്ള ഒമ്പത് ഗ്രൂപ്പുകളാണ് രണ്ടാംറൗണ്ടില്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ മൂന്നാംറൗണ്ടിലേക്ക് മുന്നേറും. ഈ ടീമുകള്‍ക്ക് 2027ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ നേരിട്ട് യോഗ്യതയും ലഭിക്കും.

മൂന്നാംറൗണ്ടില്‍ 18 ടീമുകള്‍. ആറ് ടീമുകള്‍വീതമുള്ള മൂന്ന് ഗ്രൂപ്പുകളാണ്. മൂന്ന് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത കിട്ടും. ഗ്രൂപ്പിലെ നാലും അഞ്ചും സ്ഥാനക്കാര്‍ നാലാംറൗണ്ടില്‍ കടക്കും.

നാലാംറൗണ്ടില്‍ മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട രണ്ട് ഗ്രൂപ്പുകള്‍. ഈ റൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരും ലോകകപ്പ് കളിക്കും. രണ്ടാംസ്ഥാനക്കാര്‍ അഞ്ചാംറൗണ്ടിലേക്ക്. രണ്ടാംസ്ഥാനക്കാര്‍ തമ്മില്‍ പരസ്പരമുള്ള ഇരുപാദ പോരാട്ടമാണ്. ഇതില്‍ ജയിക്കുന്ന ടീം വന്‍കരകളുടെ പ്ലേ ഓഫ് ടീമുമായി കളിക്കും. ഈ പ്ലേ ഓഫില്‍ ജയിച്ചാല്‍ യോഗ്യത കിട്ടും.

മത്സരങ്ങള്‍
ഒന്നാം റൗണ്ട്– ഒക്‌ടോബര്‍ 12, 17
രണ്ടാം റൗണ്ട്– നവംബര്‍ 16 മുതല്‍ 21 വരെ,
2024 മാര്‍ച്ച് 21 മുതല്‍ 26 വരെ, ജൂണ്‍ 6– 11 .

 

FIFA World Cup 2026 Qualifiers: India’s Group A fixtures