22
Feb 2023
Sun
22 Feb 2023 Sun

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപ്പിടിച്ചത്. ഇന്നു രാവിലെ 11.10ന് മുതുവറയിൽ വച്ചായിരുന്നു സംഭവം. A1244 എന്ന നിലമ്പൂർ ഡിപ്പോയിലെ ബസിനാണ് തീപ്പിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരനാണ് ജീവനക്കാരെ വിവരം അറിയിച്ചത്. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ സജീവ് വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കി ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്ങ്യൂഷർ ഉപയോഗിച്ച് കെടുത്തുകയായിരുന്നു.

അടിയന്തര സഹായത്തിനായി അഗ്നിരക്ഷാ സേനയേയും ബന്ധപ്പെട്ടു. തൃശൂരിൽ നിന്നും ഉടനടി രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്തെത്തി വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.

ഡ്രൈവറുടെ സീറ്റിന്റെ മുൻഭാഗത്താണ് തീപ്പിടിച്ചത്. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.