17
Aug 2023
Fri
17 Aug 2023 Fri

മീൻ പിടിക്കാൻ പോയ യുവാവിന്റെ കഴുത്തിൽ മീൻ തുളച്ചുകയറി. ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു യുവാവിനാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. കണ്ടാൽ ചെറുത് എന്ന് തോന്നുമെങ്കിലും വളരെ അപകടകാരിയായ കുഴല മീനാണ് യുവാവിന്റെ കഴുത്തിൽ തറഞ്ഞു കയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് ഇദുൽ എന്ന യുവാവിനാണ് ഇത്തരമൊരു അപകടം നേരിടേണ്ടിവന്നത്. ഉടൻതന്നെ ബോട്ട് തീരം ലക്ഷ്യമാക്കി നീങ്ങി. തീരത്ത് നിന്നും 90 മിനിറ്റ് യാത്രയുണ്ടായിരുന്നു ആശുപത്രിയിലേക്ക്. സംഭവിച്ചത് വലിയ അപകടമാണ് എങ്കിലും സുഹൃത്തിന്റെ പെട്ടെന്നുള്ള സഹായവും സർജന്മാരുടെ പ്രവർത്തനവും എല്ലാം ഇദുലിന് ആ ദുരന്തത്തിൽ നിന്ന് കരകയറാൻ സഹായകരമായി.

രാത്രി വൈകി കൂട്ടുകാരനൊപ്പം മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് തനിക്ക് ഇത്തരമൊരു അപകടം സംഭവിച്ചതെന്ന് ഇദുൽ പറയുന്നു. പെട്ടെന്ന്, പ്രതീക്ഷിക്കാത്ത നേരത്ത് ഒരു കുഴലമീൻ തന്റെ കഴുത്തിലേക്ക് തറച്ചു കയറുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നാലെ താൻ വെള്ളത്തിലേക്ക് വീണെന്നും ഇദുൽ പറയുന്നു.

മീനിനെ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ സുഹൃത്താണ് പറഞ്ഞത് അത് കൂടുതൽ രക്തം വരാൻ കാരണമാവുമെന്നും അത് ചെയ്യരുതെന്നും. തുടർന്ന് കഴുത്തിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യവുമായി ഇരുവരും കരയിലേക്ക് പോവുകയും അവിടെ നിന്ന് നേരെ ആശുപത്രിലെത്തുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇദുലിന്റെ കഴുത്തിൽ നിന്നും ഡോക്ടർമാർ മീനിനെ നീക്കം ചെയ്തത്.