തിരുവനന്തപുരം: തലസ്ഥാനത്ത് ഈയാഴ്ച നടക്കാനിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പരാതി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ആണ് പരാതിക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മുൻ വർഷങ്ങളിൽ നടന്ന സമ്മേളനത്തിൽ മതവെറി നിറഞ്ഞ പ്രസംഗങ്ങൾ നടന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി.
|
ഈ മാസം 21 മുതൽ 25 വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ പരിഷത്ത് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുസ്ലിം സമുദായത്തെ ലക്ഷ്യംവച്ചുള്ള വംശീയപ്രചാരണമാണ് സമ്മേളനത്തിലൂടെ നടക്കുന്നതെന്നും ഇതു നാട്ടിൽ മതസ്പർധയുണ്ടാക്കുകയും നാട്ടിലെ ക്രമസമാധാനം തകർക്കാൻ കാരണമാകുമെന്നും പരാതിയിൽ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റിനു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അലി സവാദാണ് പരാതി നൽകിയത്.
കഴിഞ്ഞ വർഷം തിരുവനന്തപുരം പ്രിയദർശിനി കാംപസിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു.





