തിരുവനന്തപുരം: പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനിടെ, ഗ്യാസ് സിലിണ്ടര്‍ മോഷണം. തലസ്ഥാന നഗരമായ തിരുവനന്തപുരം ചാല ആര്യശാലയിലെ ഹോട്ടലില്‍നിന്നാണ് ഗ്യാസ് സിലിണ്ടര്‍ കവര്‍ന്നത്.
|
ആര്യശാലയിലെ വി.എസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. വ്യാജ താക്കോല്‍ ഉപയോഗിച്ച് പൂട്ട് തുറന്ന് അകത്തുകടന്ന കള്ളന്‍ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഹോട്ടലിന്റെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഇന്‍വെര്‍ട്ടര്‍ സൗകര്യം ഉള്ളതിനാല്‍ സിസിടിവി കാമറകള്‍ ഓഫായിരുന്നില്ല. ഇതിനാല്‍ മോഷണ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു.
മറ്റു സാധനങ്ങള്‍ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രമാണ് കൊണ്ടു പോയത്. ഫ്യൂസ് എവിടെയാണെന്നതും മുന്‍കൂട്ടി അറിയാമെന്നതിനാല്‍ ഹോട്ടലിനെ കുറിച്ച് കൃത്യമായി ധാരണയുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.





