31
Sep 2025
Fri
31 Sep 2025 Fri
GCC countries are moving to strengthen their defenses for security

റിയാദ്: ഖത്തറിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി പ്രതിരോധം ശക്തമാക്കാനുള്ള നീക്കത്തിലാണ് ജിസിസി രാജ്യങ്ങള്‍. പാകിസ്ഥാനുമായി സൗദി അറേബ്യ പ്രതിരോധ കരാറിലൊപ്പിട്ടപ്പോള്‍, യുഎസുമായി പ്രതിരോധ കരാറില്‍ ഒപ്പിടാനുള്ള നീക്കത്തിലാണ് ഖത്തര്‍. ഇതോടൊപ്പം പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ ജിസിസി രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ഖത്തറിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ജിസിസി സംയുക്ത പ്രതിരോധ കൗണ്‍സിലിലാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, രണ്ടില്‍ ഏതെങ്കിലുമൊരു രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കാണുമെന്നതാണ് പാകിസ്ഥാനും സൗദിയും തമ്മിലെ കരാറിലെ സുപ്രധാന ഉപാധി. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ സഊദി സന്ദര്‍ശനത്തിലാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കരാറിലൊപ്പുവച്ചത്.

ഹമാസിനെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ഖത്തറില്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ആണവശക്തിയായ ഏക മുസ്‌ലിം രാജ്യമായ പാകിസ്ഥാനുമായി സഊദി കരാറിലൊപ്പുവച്ചിരിക്കുന്നത്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സഊദിയും തമ്മില്‍ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാര്‍ വിലയിരുത്തപ്പെടുന്നത്.
ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും അവരുടെ സുരക്ഷ വര്‍ധിപ്പിക്കുകയും മേഖലയിലും ലോകത്തും സമാധാനം കൈവരാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് അറബ് ലീഗും ഒ.ഐ.സിയും സംയുക്ത യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് സഊദി രാജ്യത്തിന്റെ സുരക്ഷ ഭദ്രമാക്കുന്ന സുപ്രധാന കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഇതിനകം 8,200ലേറെ സഊദി സൈനികര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

ഇസ്‌റാഈലിന് ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് സഊദി ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇറാന്‍, ലബനാന്‍, സിറിയ, യമന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരായ ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പശ്ചിമേഷ്യയിലെ ഏക ആണവ രാഷ്ട്രമാണ് ഇസ്‌റാഈല്‍. അവര്‍ എപ്പോഴെങ്കിലും സഊദിക്ക് നേരെ തിരിഞ്ഞാല്‍ പുതിയ കരാര്‍ പ്രകാരം പാകിസ്ഥാന്‍ ഇടപെടും.

കൂടാതെ, വര്‍ഷങ്ങളായി സഊദി പാകിസ്ഥാന്റെ ആണവായുധ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ദോഹയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൗനാനുവാദമുണ്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ കരുതുന്നത്. ഇത് അറബ് രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാനുമായുള്ള പുതിയ പ്രതിരോധ കരാറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളെക്കുറിച്ച് സഊദി ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ഇന്ത്യയുമായുള്ള ബന്ധം എന്നത്തേക്കാളും ശക്തമാണെന്നാണ് അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളികൂടിയാണ് സഊദി. സഊദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. 2024 25 സാമ്പത്തിക വര്‍ഷം ഉഭയകക്ഷി വ്യാപാരം 4,188 കോടി യു.എസ് ഡോളറായിരുന്നു. അതേസമയം, പാകിസ്ഥാനും സഊദിയും തമ്മിലുള്ള വ്യാപാരം കഷ്ടിച്ച് 340 കോടി ഡോളര്‍ മാത്രമാണ്.

GCC countries are moving to strengthen their defenses for security in the wake of Israel’s attacks targeting residential areas in Qatar.