13
Dec 2023
Thu
13 Dec 2023 Thu

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍, 47,000 കടന്നു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് 1800 രൂപ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തിരിച്ചെത്തി. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 40 രൂപയാണ് ഇന്നത്തെ വര്‍ധനവ്. ഇപ്പോള്‍ 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. തുടര്‍ന്ന് 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നിടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപയാണ് വര്‍ധിച്ചത്.

ഇന്നത്തേതുകൂടി കൂട്ടി 14ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണവില റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡിട്ട വിലകള്‍ പരിശോധിക്കുമ്പോള്‍ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവര്‍ധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വര്‍ണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക