26
Sep 2025
Wed
26 Sep 2025 Wed
Government Orders To Delete ‘Defamatory’ Videos and Instagram Posts Against Adani Group

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോടും ധ്രുവ് റാത്തി അടക്കമുള്ള യുട്യൂബേഴ്‌സിനും കേന്ദ്ര നിര്‍ദേശം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. രവിഷ് കുമാര്‍, ധ്രുവ് റാത്തി, ന്യൂസ് ലോണ്‍ട്രി, ദ വയര്‍, എച്ച്ഡബ്ല്യു ന്യൂസ്, ആകാശ് ബാനര്‍ജിയുടെ ദ ദേശ്ഭക്ത് തുടങ്ങിയവര്‍ അടക്കമുള്ളവര്‍ക്കാണ് നിര്‍ദേശം. 138 യു ട്യൂബ് വീഡിയോകളും 83 ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും നീക്കം ചെയ്യാനാണ് നിര്‍ദേശം. ഐടി നിയമപ്രകാരം ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരേ ഗൂഗിളും മെറ്റയും നടപടിയെടുക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്പനിയുടെ പ്രശസ്തി, നിക്ഷേപകരുടെ ആത്മവിശ്വാസം, ബ്രാന്‍ഡിന്റെ മൂല്യം എന്നിവയ്ക്ക് കോട്ടം വരുത്തുന്നതും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനെഅപകീര്‍ത്തിപ്പെടുത്തുന്നതായി കണക്കാക്കാവുന്നതുമായ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാനാണ് സപ്തംബര്‍ 16ന് കോടതി ഉത്തരവിട്ടത്. ന്യായവും ഉറപ്പാക്കിയതുമായ വാര്‍ത്തകളെ സംരക്ഷിക്കുമെന്നും എന്നാല്‍ വെരിഫൈ ചെയ്യാത്തഉള്ളടക്കങ്ങള്‍ സാമ്പത്തികമായും പ്രശസ്തിപരമായും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അദാനിയുടെ യുഎസിലെ കേസുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകളും അഭിമുഖങ്ങളും മറ്റും നീക്കം ചെയ്യാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം പറയുന്നത്. ന്യൂസ് ലോണ്‍ട്രിയുടെ 42 വീഡിയോകളാണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം മന്ത്രാലയത്തിന്റെ ഉത്തരവിനെ വിമര്‍ശിച്ച് ദ ന്യൂസ് മിനുട്ട് രംഗത്തുവന്നു. ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും താന്‍ റിപോര്‍ട്ട് ചെയ്ത വാര്‍ത്ത വാസ്തവവും വെരിഫൈ ചെയ്തതും പൊതുജനതാല്‍പര്യാര്‍ഥം നല്‍കിയതാണെന്നും മാധ്യമപ്രവര്‍ത്തകനായ പരന്‍ജോയി ഗുഹ തകൃത പറഞ്ഞു.

ALSO READ: adani vs hindenburg : അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ്: സ്വിസ് ബാങ്ക് അദാനിയുടെ 31 കോടി ഡോളര്‍ മരവിപ്പിച്ചു