നിങ്ങളുടെ Ggoogle Pay ഇടപാടുകള്‍ പരാജയപ്പെടാറുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ
|
സാധാരണക്കാര്‍ക്കിടയില്‍ യുപിഐയെ ജനപ്രിയമാക്കിയതില്‍ ഗൂഗിള്‍ പേയ്ക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഗൂഗിള്‍ പേ ഇടപാടുകള്‍ പലതും പരാജയപ്പെടുന്നുവെന്ന ഉപയോക്താക്കളുടെ പരാതി വര്‍ധിച്ചുവരുന്നു. ഗൂഗിള്‍ പേ ഇടപാടുകള്‍ സ്ഥിരമായി ചെയ്യുന്നവര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് അത് സക്‌സസ്ഫുള്‍ ആകാത്തത്. ധൃതിപിടിച്ച് ചെയ്യുമ്പോള്‍ പലപ്പോഴും Failed കാണിക്കുന്നത് ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്‌നം ചില്ലറയല്ല.
ഇത്തരം കേസുകളില്‍ പലപ്പോഴും പണം തിരികെ കിട്ടാന്‍ ദിവസങ്ങളോളം ഉപയോക്താക്കള്‍ കാത്തിരിക്കേണ്ടി വരുന്നു. ഇത്തരം പേയ്‌മെന്റ് പരാജയങ്ങള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമാണ് സ്മാര്‍ട്ട് റൂട്ടിംഗ്.
നിങ്ങളുടെ യുപിഐ ഐഡികള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാങ്ക് സെര്‍വറുകള്‍ വഴിയാണ് പേയ്‌മെന്റുകള്‍ നടക്കുന്നത്. സെര്‍വര്‍ തകരാര്‍, ഓവര്‍ലോഡ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കാരണം യുപിഐ പേയ്‌മെന്റുകള്‍ പരാജയപ്പെടാം. ഇവിടെയാണ് സ്മാര്‍ട്ട് റൂട്ടിംഗ് നേട്ടമാകുന്നത്. ഒന്നിലധികം യുപിഐ ഐഡികളാണ് സ്മാര്‍ട്ട് റൂട്ടിംഗിന് സഹായിക്കുന്നത്.
സ്മാര്‍ട്ട് റൂട്ടിംഗ് ഒരു ഉദാഹരണത്തിലൂടെ നോക്കാം. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് പോകാന്‍ മൂന്നു വഴികളുണ്ടെന്ന് കരുതുക. നിങ്ങള്‍ സ്ഥിരം പോകുന്ന വഴിയില്‍ കനത്ത ട്രാഫിക് ആണെങ്കില്‍ മറ്റു രണ്ടു വഴികള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇവിടെയും പേയ്‌മെന്റുകളുടെ കാര്യത്തിലെ തത്വം ഇതുതന്നെ. പേയ്‌മെന്റിനായി ഒരു യുപിഐ ഐഡി റൂട്ട് ലഭ്യമല്ലെങ്കില്‍, ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത യുപിഐ ആപ്പ് ഒരു ഇതര റൂട്ട് സ്വയമേവ തിരഞ്ഞെടുക്കും.
ഒരു പുതിയ അക്കൗണ്ട് സജ്ജീകരിക്കുമ്പോള്‍ അധിക യുപിഐ ഐഡികള്‍ സൃഷ്ടിക്കാനാകും. അക്കൗണ്ട് സജ്ജീകരണത്തിന് ശേഷവും അധിക ഐഡികള്‍ ചേര്‍ക്കാനാകും. ചില പേയ്‌മെന്റുകള്‍ തടസപ്പെടുകയോ, പരാജയപ്പെടുകയോ ചെയ്താല്‍ അധിക യുപിഐ ഐഡികള്‍ ചേര്‍ക്കാന്‍ Gpay തന്നെ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്.


