12
Dec 2024
Tue
12 Dec 2024 Tue
uae labors new year

ദുബൈ: പ്രതീക്ഷയുടെ പുതുവത്സര പുലരിയിലേക്ക് കണ്ണുനട്ട് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ആഘോഷ പൂരം. (Gulf countries prepare to welcome the New Year; expatriates also in a festive mood) യുഎഇ, ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ന് വിവിധ തരത്തിലുള്ള ആഘോഷങ്ങള്‍ നടക്കും. വെടിക്കെട്ടും സംഗീത മേളയും ആഘോഷം വര്‍ണാഭമാക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസികള്‍ക്കായി പ്രത്യേക ആഘോഷം

തൊഴില്‍ സമൂഹത്തിന് ആദരവും നന്ദിയും അറിയിക്കുന്നതിനായി ജി.ഡി.ആര്‍.എഫ്.എ ദുബൈ സംഘടിപ്പിക്കുന്ന മെഗാ പുതുവത്സരാഘോഷം അല്‍ഖുസ് ഏരിയയില്‍ ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ രാത്രി വരെ നീളും.

ബോളിവുഡ് നടി പൂനം പാണ്ഡെ, ഗായിക കനിക കപൂര്‍, റോമന്‍ ഖാന്‍, വിശാല്‍ കോട്ടിയന്‍ തുടങ്ങിയ പ്രമുഖരും അന്താരാഷ്ട്ര കലാകാരന്മാരും ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ‘നേട്ടങ്ങള്‍ ആഘോഷിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍.

അല്‍ഖൂസിന് പുറമെ എമറേറ്റില്‍ വിവിധ സ്ഥലങ്ങളിലും ജി.ഡി.ആര്‍.എഫ്.എ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷ പരിപാടികള്‍ നടക്കും. വിവിധ രാജ്യക്കാരായ 10,000ത്തിലധികം തൊഴിലാളികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

രാവ് ആഘോഷമാക്കാന്‍ യുഎഇ

uae new year
യു.എ.ഇ ജനത ഒന്നടങ്കം ഇന്നത്തെ രാവ് ആഘോഷമാക്കും. എല്ലാ എമിറേറ്റുകളും പുതുവത്സര ആഘോഷങ്ങള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും സുരക്ഷ മുന്‍കരുതലുകളുമാണ് ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ മാത്രം 36 സ്ഥലങ്ങളിലാണ് വെടിക്കെട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ദുബൈ ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആഘോഷവേദികളിലേക്ക് നേരത്തേയെത്തുക, ഔദ്യോഗിക സംവിധാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മനസ്സിലാക്കുക, അത്യാവശ്യ ഘട്ടങ്ങളില്‍ 999 എന്ന നമ്പറിലേക്കും അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലേക്കും വിളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിട്ടുള്ളത്.

കുടുംബങ്ങള്‍ക്കും ബാച് ലര്‍മാര്‍ക്കും പ്രത്യേക ഏരിയ
ദുബൈയില്‍ നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ കുടുംബങ്ങള്‍ക്കും ബാച് ലര്‍മാര്‍ക്കും പ്രത്യേക ഏരിയകള്‍ നിശ്ചയിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന ഡൗണ്‍ ടൗണ്‍ ദുബൈ, ദുബൈ ഹില്‍സ് എസ്റ്റേറ്റ് എന്നീ രണ്ടിടങ്ങളിലാണ് കുടുംബങ്ങള്‍ക്കും ബാച് ലര്‍മാര്‍ക്കും പ്രത്യേകം കാഴ്ച ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡൗണ്‍ ടൗണ്‍ ദുബൈയില്‍ സന്ദര്‍ശകര്‍ക്ക് വലിയ സ്‌ക്രീനുകളും ബുര്‍ജ് പാര്‍ക്കും സഹിതം കരിമരുന്ന് പ്രകടനം, ലൈറ്റിങ്, ലേസര്‍ ഷോകള്‍, ജലധാരകള്‍, സംഗീതം എന്നിവ ആസ്വദിക്കാം. അതേസമയം, ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ ഡി.ജെ ഷോകള്‍, സ്‌ക്രീനുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ലൈവ് ആര്‍ട്ട് ഷോകള്‍ എന്നിവ ഒരുക്കും.

ഡൗണ്‍ ടൗണ്‍ ദുബൈയിലെ കുടുംബങ്ങള്‍ക്കായി, ദ ബൊളിവാര്‍ഡ്, ആക്റ്റ് 1, 2, സൗത്ത് റിഡ്ജ്, ഓള്‍ഡ് ടൗണ്‍, കാസ്‌കേഡ് ഗാര്‍ഡന്‍ എന്നീ മേഖലകളാണ് നിശ്ചയിച്ചിരിക്കുന്നത്. റൂഫ് ഹോട്ടല്‍ പരിസരം, ബുര്‍ജ് വിസ്തക്ക് പിറകുവശം, ബുര്‍ജ് വ്യൂസിന് സമീപം, സഅബീല്‍ മാളിന് സമീപം, വിദ റസിഡന്‍സിക്ക് പിറകുവശം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് ബാച് ലര്‍മാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാച് ലര്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റും ഓപ്പറ ഗ്രാന്‍ഡിലെ രണ്ടാം നമ്പര്‍ ഗേറ്റുമാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ആറ് ഗേറ്റുകള്‍ കുടുംബങ്ങള്‍ക്കായും ഒരു ഗേറ്റ് റിസര്‍വ്ഡ് ആയും മാറ്റിവെച്ചിരിക്കുന്നു. ആഘോഷ പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 8000ത്തിലധികം പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 10,000ത്തിലധികം ഉദ്യോഗസ്ഥരെയും പ്രദേശത്തുടനീളം 33 സുരക്ഷ ടെന്റുകളും അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്.

കുവൈത്തില്‍ പുതുവല്‍സര അവധി

kuwait new year
കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ പുതുവല്‍സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല. ഞായറാഴ്ചയാകും പ്രവൃത്തിദിനങ്ങള്‍ പുനരാരംഭിക്കുക. വെള്ളി, ശനി ദിവസങ്ങള്‍ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാല്‍ തുടര്‍ച്ചയായ നാലുദിവസത്തെ അവധി ലഭിക്കും.

തുടര്‍ച്ചയായ നാലു ദിവസം അവധി ലഭിക്കുന്നതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ്. അവധി ദിനങ്ങള്‍ കണക്കിലെടുത്ത് ഉംറക്കും മക്ക, മദീന സന്ദര്‍ശനത്തിനും തയാറെടുക്കുന്നവരും ഉണ്ട്.

ഖത്തറില്‍ ആകാശ വിസ്മയം

qatar new year
ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന കാഴ്ചകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരങ്ങി ഖത്തര്‍. മുന്‍വര്‍ഷത്തെപ്പോലെ ലുസൈല്‍ ബൊളെവാഡിലാണ് സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമെല്ലാം ആഘോഷപൂര്‍വം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇത്തവണയും അവസരമൊരുക്കുന്നത്. ചൊവ്വാഴ്ച രാത്രിയില്‍ ഡ്രോണ്‍ ഷോ, ലൈറ്റ് ഷോ, ഡി.ജെ ഉള്‍പ്പെടെ പരിപാടികളാണ് ലുസൈല്‍ സിറ്റി അധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കുന്നത്. പുതു കലണ്ടര്‍ പിറക്കുന്ന 12 മണി മുഹൂര്‍ത്തത്തില്‍ ആകാശത്ത് അതിശയ കാഴ്ചയുമായി വെടിക്കെട്ടും തുടങ്ങും.

കഴിഞ്ഞ വര്‍ഷം പതിനായിരത്തിലേറെ പേരായിരുന്നു ലുസൈലില്‍ ന്യൂ ഇയര്‍ ആഘോഷിക്കാനെത്തിയത്. ജനത്തിരക്ക് കണക്കിലെടുത്ത് എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ലുസൈല്‍ സിറ്റി അധികൃതര്‍ അറിയിച്ചു. ലുസൈലിനു പുറമെ ഖത്തറിലെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സംഗീത പരിപാടികളുമായി പ്രത്യേക ന്യൂ ഇയര്‍ പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്.

മെട്രോ പുലരുംവരെ

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദോഹ മെട്രോ അധികൃതര്‍. രാത്രിയില്‍ യാത്ര സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ ഇന്ന് അര്‍ധരാത്രിയും കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ച രണ്ടു മണിവരെ സര്‍വിസ് നടത്തും. ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഈ സമയം വരെ സര്‍വിസ് നടത്തുമെന്നാണ് അറിയിപ്പ്. ലുസൈലില്‍ പുതുവത്സരാഘോഷത്തിനെത്തുന്നവര്‍ റെഡ് ലൈന്‍ മെട്രോയില്‍ കയറി ലുസൈല്‍ ക്യു.എന്‍.ബിയില്‍ ഇറങ്ങാം. അഞ്ചു മിനിറ്റ് നടന്നാല്‍ ലുസൈല്‍ ബൊളെവാഡില്‍ എത്തിച്ചേരാവുന്നതാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക