23
Nov 2026
Mon
23 Nov 2026 Mon
Etihad Rail to link with Al Maktoum airport in next 5 years

ദുബായിലെ പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്തിഹാദ് റെയിൽ സർവീസ് എത്തുമെന്ന് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ്. വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി വിവിധ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ വിമാനത്താവളത്തിലേക്കുള്ള ദുബായ് മെട്രോ വികസന പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. 2031ൽ മെട്രോ സർവീസ് ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ചിരുന്നു. മെട്രോയുടെ റെഡ് ലൈൻ നീട്ടുന്നതിനൊപ്പം അൽ മക്തൂം വിമാനത്താവളത്തെയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പ്രത്യേക എയർപോർട്ട് എക്സ്പ്രസ് സർവീസും പരിഗണനയിലുണ്ട്.

ഇതോടൊപ്പം ഇത്തിഹാദ് റെയിൽ പുതിയ വിമാനത്താവളത്തിലെ ടെർമിനലിലേക്കും എത്തിക്കാനാണ് പദ്ധതിയെന്ന് പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഈ ഗതാഗത സംവിധാനങ്ങൾ ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽനിന്ന് ശേഖരിച്ച് വിമാനത്താവളത്തിലെത്തിക്കുന്ന സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഭാവിയിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ഗതാഗത സംവിധാനങ്ങളും സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് തടസ്സങ്ങളില്ലാത്ത യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) പകരം അടുത്ത പത്ത് വർഷത്തിനുള്ളിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിന്റെ പ്രധാന വ്യോമയാന കേന്ദ്രമായി മാറും. ദുബായ് സൗത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ ആദ്യഘട്ട വാണിജ്യ പ്രവർത്തനങ്ങൾ 2032ൽ ആരംഭിക്കാനാണ് പദ്ധതി.

പൂർണമായി വികസിക്കുന്നതോടെ പ്രതിവർഷം 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. 1.2 കോടി ടൺ ചരക്കുനീക്കത്തിനും ശേഷിയുണ്ടാകും. നിലവിലെ ദുബായ് വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പത്തിലായിരിക്കും പുതിയ വിമാനത്താവളം.

അതേസമയം, ഈ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഏഴ് കോടി കവിയുമെന്നാണ് പ്രതീക്ഷ. ആദ്യ ഒൻപത് മാസത്തിനിടെ 5.04 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2027 അവസാനത്തോടെ യാത്രക്കാരുടെ എണ്ണം പത്ത് കോടിയിലെത്തുമെന്നും ദുബായ് എയർപോർട്ട്‌സ് സിഇഒ പ്രതീക്ഷ പ്രകടിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക