20
Nov 2026
Fri
20 Nov 2026 Fri
Dubai Bans Teachers From Using Personal WhatsApp and Phones to Contact Students

ദുബയിലെ സ്വകാര്യ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതിന് സ്വകാര്യ മൊബൈൽ ഫോണുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും സോഷ്യൽ മീഡിയ പ്രൊഫൈലുകളും ഉപയോഗിക്കുന്നത് വിലക്കി പുതിയ നിയമം. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള പ്രൊഫഷണൽ ബന്ധം ഉറപ്പാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) നവംബർ 13ന് പുറത്തിറക്കിയ പുതിയ സുരക്ഷാ ചട്ടക്കൂടിലാണ് നിർദേശങ്ങളുള്ളത്. ഇതനുസരിച്ച് അധ്യാപകർ വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങൾക്കും പഠന ആവശ്യങ്ങൾക്കും സ്കൂൾ അംഗീകരിച്ച ഉപകരണങ്ങളും ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മാത്രമേ ഉപയോഗിക്കാവൂ.

അധ്യാപകർ സ്വന്തം വാട്സ്ആപ്പ് അക്കൗണ്ടുകൾ, സ്വകാര്യ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി വിദ്യാർഥികളെ നേരിട്ട് ബന്ധപ്പെടാൻ പാടില്ല. പഠനവുമായി ബന്ധപ്പെട്ട സാധാരണ സംഭാഷണങ്ങൾ പോലും സ്ഥാപനത്തിന്റെ അംഗീകാരമുള്ള സംവിധാനങ്ങളിലൂടെ മാത്രമായിരിക്കണം. അധ്യാപകരുടെ പെരുമാറ്റം നിരീക്ഷിക്കാനും സുരക്ഷാ ആശങ്കകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാനും സ്കൂളുകൾക്ക് ഉത്തരവാദിത്തമുണ്ടാകും.

അതേസമയം, രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് സ്കൂൾ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ല. ഇത്തരം ഗ്രൂപ്പുകൾ സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കണം. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള സ്വകാര്യ ആശയവിനിമയത്തിന് പകരം സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിനാണ് അനുമതി. നേരിട്ടുള്ള പഠനാവശ്യങ്ങൾക്കായി മൈക്രോസോഫ്റ്റ് ടീമ്സ് പോലുള്ള അംഗീകൃത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം.

അധ്യാപകർ വിദ്യാർഥികൾക്ക് അനധികൃത സമ്മാനങ്ങൾ നൽകുക, പ്രത്യേക പരിഗണന നൽകുക, അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും നിയന്ത്രണമുണ്ടാകും. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചകൾ സാധ്യമാകുന്നിടത്തോളം മറ്റുള്ളവർക്ക് കാണാവുന്ന തുറന്ന സ്ഥലങ്ങളിൽ നടത്തണം. അടച്ച മുറികളിലെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകൾക്ക് കൃത്യമായ മേൽനോട്ട സംവിധാനവും വേണം.

ദുബയിലെ സ്വകാര്യ നഴ്‌സറികൾ, സ്കൂളുകൾ, സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽപരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ ചട്ടങ്ങൾ ബാധകമാണ്. അധ്യാപകർക്ക് പുറമെ പരിശീലകർ, സന്നദ്ധപ്രവർത്തകർ, കരാർ ജീവനക്കാർ തുടങ്ങിയവരും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം അംഗീകരിക്കണം. സൈബർ ബുള്ളിയിങ്, ഓൺലൈൻ ചൂഷണം, ഡിജിറ്റൽ ഭീഷണികൾ, നിർമിതബുദ്ധിയുടെ ദുരുപയോഗം തുടങ്ങിയ അപകടസാധ്യതകളും പുതിയ ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരമാവധി 12 മാസം വരെ ഘട്ടംഘട്ടമായുള്ള സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലനം നൽകുക, നിലവിലുള്ള സുരക്ഷാ നയങ്ങൾ പരിഷ്കരിക്കുക, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ഈ കാലയളവിൽ പൂർത്തിയാക്കണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക