12
Jul 2024
Fri
12 Jul 2024 Fri

‘അവസാനം ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തു’; ഡിവോഴ്‌സ് ശരിവച്ച് ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതായി ഇരുവരും പ്രഖ്യാപിച്ചു. ഹര്‍ദികും നടാഷയും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

വേര്‍പിരിയാനുള്ള തീരുമാനം തങ്ങളെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമായിരുന്നുവെന്ന് സംയുക്തമായി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഹാര്‍ദികും ഞാനും പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഒരുമിച്ച് പരമാവധി ശ്രമിക്കുകയും ഞങ്ങളുടെ എല്ലാം നല്‍കുകയും ചെയ്തു. ഞങ്ങള്‍ രണ്ടുപേരുടെയും താല്‍പര്യത്തിന് ഇപ്പോഴത്തെ തീരുമാനമാണ് ശരിയെന്ന് വിശ്വസിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും സഹവാസവും കണക്കിലെടുക്കുമ്പോള്‍ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു ഇത്, ഞങ്ങള്‍ ഒരു കുടുംബമായി വളര്‍ന്നു കുറിപ്പില്‍ പറഞ്ഞു.

‘ഞങ്ങള്‍ അഗസ്ത്യനാല്‍ അനുഗ്രഹീതരാണ്, ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മകനുണ്ടാവും. അവന്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം നല്‍കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ സഹകരിക്കും. പ്രയാസകരവും വൈകാരകവുമായ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ആവശ്യപ്പെട്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇതിനിടെ നടാഷ സ്റ്റാന്‍കോവിച്ച് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ജന്മനാടായ സെര്‍ബിയയിലേക്കു പോയി. മകന്‍ അഗസ്ത്യയും നടാഷയ്‌ക്കൊപ്പം സെര്‍ബിയയിലേക്കു തിരിച്ചിട്ടുണ്ട്. 2020ലാണ് ഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരായത്. നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

നടാഷ മകനെ ഗര്‍ഭം ധരിച്ച വേളയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം കുഞ്ഞ് പിറന്നു. മുംബൈയിലായിരുന്നു ഹര്‍ദികും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ ഹര്‍ദികിന്റെ പേര് നടാഷ ഇന്‍സ്റ്റഗ്രാമില്‍നിന്ന് മാറ്റിയതോടെയാണ്, ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായി അഭ്യൂഹങ്ങള്‍ പരന്നത്.

Hardik Pandya-Natasa Stankovic announce divorce

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക