26
Oct 2026
Mon
26 Oct 2026 Mon
Rahul Gandhi not guilty over remark against Amit Shah

2018ൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയാണ് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് വിധിച്ചത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അപകീർത്തികരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന റാലിക്കിടെ അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. അന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്രയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

2023 നവംബർ 28ന് കോടതിയിൽനിന്ന് സമൻസ് ലഭിച്ചതിന് പിന്നാലെ വിജയ് മിശ്ര വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചിരുന്നു. 33 വർഷമായി ബിജെപി പ്രവർത്തകനാണെന്നും ആരോപണങ്ങൾ കേട്ടപ്പോൾ വേദന തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകൻ മുഖേന പരാതി നൽകിയതായും കേസ് നടപടികൾ ഏകദേശം അഞ്ച് വർഷം നീണ്ടതായും മിശ്ര വ്യക്തമാക്കിയിരുന്നു.

2023ൽ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. നേരത്തെ ഒക്ടോബർ 13ന് വിധി പറയാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഒക്ടോബർ 26ലേക്ക് മാറ്റുകയായിരുന്നു.

സീനിയർ അഭിഭാഷകൻ ആർ.എസ്. ചീമയ്ക്കൊപ്പം കാശി ശുക്ല, തരുണം ചീമ, പ്രസന്ന എസ്., ആകാശ് സിങ് എന്നിവരാണ് രാഹുൽ ഗാന്ധിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

വിധിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര ‘മോണ’ വിധിപ്രഖ്യാപനത്തിന് മുന്നോടിയായി പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലെത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക