12
Apr 2026
Sun
12 Apr 2026 Sun
NETENYAHU ERDOGAN

അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘ഈ കാലഘട്ടത്തിലെ ഹിറ്റ്ലര്‍’ എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം. അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലാമാബാദില്‍ പുരോഗമിക്കുന്ന സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നും തുര്‍ക്കി ആരോപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ നെതന്യാഹു നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് മുറുകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിയുടെ പ്രസ്താവന

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സി’ലൂടെ (X) പുറത്തുവിട്ട പ്രസ്താവനയില്‍ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിലാണ് തുര്‍ക്കി പ്രതികരിച്ചത്. ‘നെതന്യാഹുവിന്റെ വ്യക്തിത്വവും ചരിത്രവും ലോകത്തിന് നന്നായി അറിയാം. യുദ്ധക്കുറ്റങ്ങള്‍ക്കും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ ഇപ്പോള്‍ വംശഹത്യയുമായി ബന്ധപ്പെട്ട വിചാരണ നേരിടുകയാണ്,’ വിദേശകാര്യ മന്ത്രാലയം കുറിച്ചു.

ALSO READ: നിതിനെ അധ്യാപകര്‍ തെരുവ് പട്ടിയെന്ന് വിളിച്ചു; തള്ളിയിട്ട് കൊന്നതാണോ എന്ന് സംശയം; കടുത്ത ആരോപണവുമായി കുടുംബം

സമാധാന ചര്‍ച്ചകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് നെതന്യാഹുവിനുള്ളത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ അദ്ദേഹം സ്വന്തം രാജ്യത്ത് വിചാരണ നേരിടേണ്ടി വരുമെന്നും ജയിലിലാകാന്‍ സാധ്യതയുണ്ടെന്നും തുര്‍ക്കി ആരോപിച്ചു. ഉര്‍ദുഗാനെതിരെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തുര്‍ക്കി വ്യക്തമാക്കി.

തര്‍ക്കത്തിന് പിന്നില്‍

അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, സമാധാന കരാറിനെ അട്ടിമറിക്കാന്‍ സാധ്യതയുള്ള ‘പ്രകോപനങ്ങളെയും അട്ടിമറി ശ്രമങ്ങളെയും’ കുറിച്ച് ഉര്‍ദുഗാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നെതന്യാഹുവിനെ ലക്ഷ്യം വെച്ചാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഉര്‍ദുഗാനെതിരെ രൂക്ഷമായ മറുപടിയുമായി നെതന്യാഹു രംഗത്തെത്തി. ‘ഇറാന്റെ ഭീകര ഭരണകൂടത്തെയും അവരുടെ പ്രോക്‌സികളെയും എന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ നേരിടുന്നത് തുടരും; അവരെ സഹായിക്കുകയും സ്വന്തം കുര്‍ദിഷ് പൗരന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന ഉര്‍ദുഗാനെ പോലെയല്ല ഞാന്‍,’ എന്നായിരുന്നു നെതന്യാഹുവിന്റെ പോസ്റ്റ്. ഇതാണ് ഇപ്പോള്‍ പുതിയ നയതന്ത്ര പോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

പലസ്തീനിലെ നിരപരാധികളായ സാധാരണക്കാര്‍ക്കൊപ്പം തുര്‍ക്കി എന്നും നിലകൊള്ളുമെന്നും നെതന്യാഹുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. പശ്ചിമേഷ്യയില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ഈ തര്‍ക്കം മേഖലയില്‍ പുതിയ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം.