കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ(15)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് 1500 അടി താഴ്ചയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
|
ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ഇവിടെയെത്തിയത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.
പിന്നീട് പെട്ടെന്ന് കാണാതാവുകയായിരുന്നു. പാലക്കാട് നിന്നുള്ള സംഘം സന്ദര്‍ശിക്കുമ്പോള്‍ മറ്റു 10 പേര്‍ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങള്‍ വഴി തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.
പ്രത്യേക ദൗത്യസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനു സമീപത്തെ വെള്ളച്ചാട്ടത്തിലും കുന്നിലും വ്യാപകമായ തിരച്ചിലാണ് രണ്ടുദിവസം നടന്നത്. ഇന്നലെ രാവിലെ മുതല്‍ രാത്രി വൈകി വരെ കൊക്കകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. തെല്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം ഉണ്ടായില്ല. വെള്ളച്ചാട്ടത്തില്‍ വീണെന്ന് സംശയമുയര്‍ന്നെങ്കിലും തിരച്ചിലിന് ശേഷം പോലീസ് ഈ സാധ്യത തള്ളുകയായിരുന്നു.
ALSO READ: നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് 10,000ലേറെ വോട്ടുകള്‍ നല്‍കിയെന്ന് എസ്ഡിപിഐ


