കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയ ഭാര്യ സോനം രഘുവന്‍ഷി ഇതിനായി വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ. മധ്യപ്രദേശ് സ്വദേശിയായ രാജാ രഘുവന്‍ശിയെയാണ് ഭാര്യ സോനം മേഘാലയില്‍ വച്ച് കൊലപ്പെടുത്തിയത്. ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള കൊക്കയില്‍ നിന്നാണ് രാജയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.
|
ഹണിമൂണിനിടെ ദമ്പതികളെ കാണാതായെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി ദിവസങ്ങള്‍ക്കു ശേഷമായിരുന്നു രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോനം പിടിയിലായത്. ഭര്‍ത്താവിനെ കൊന്ന സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് വരുത്തിതീര്‍ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പോലീസ് ഇതു പൊളിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യുവതി വെളിപ്പെടുത്തിയതും ഇവരടക്കം നാലുപേര്‍ പിടിയിലാവുന്നതും.
കാമുകനായ രാജ് കുശ്വാഹയുമായി ചേര്‍ന്നാണ് സോനം കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ഹണിമൂണിനായി മേഘാലയിലേക്ക് പോവാന്‍ തീരുമാനിച്ചു. സോനമാണ് ടിക്കറ്റ് ബുക്ക് ചെയ്തതും മറ്റും. മടക്കടിക്കറ്റ് യുവതി ബുക്ക് ചെയ്തിരുന്നില്ല. രാജയുടെ 10 ലക്ഷം രൂപയുടെ ആഭരണം നിര്‍ബന്ധിപ്പിച്ച് ധരിപ്പിച്ചായിരുന്നു സോനം ഒപ്പം കൂട്ടിയത്.
ആദ്യം നാലുലക്ഷം രൂപയായിരുന്നു യുവതി ക്വട്ടേഷന്‍ സംഘത്തിന് വാഗ്ദാനം ചെയ്തത്. ഇതു പിന്നീട് 20 ലക്ഷമായി ഉയര്‍ത്തി. യുവതിയുടെ നിര്‍ദേശപ്രകാരം ക്വട്ടേഷന്‍ സംഘം ദമ്പതികളെ പിന്തുടര്‍ന്നു. മെയ് 21നാണ് ഇരുവരും ഹണിമൂണ്‍ യാത്ര തുടങ്ങിയത്. 21ന് ഇരുവരും ഹോട്ടല്‍ മുറിയില്‍ താമസിച്ചു. ഇവിടെ നിന്ന് 22ന് ഷില്ലോങ്ങിലേക്ക് യാത്ര പോയി. 23ന് സോനം ഭര്‍ത്താവിനെ ട്രക്കിങ്ങിനെന്ന പേരില്‍ കൂടെ കൂട്ടി. ട്രക്കിങ്ങിനിടെ ക്ഷീണിച്ചുവെന്ന് പറഞ്ഞ് ഭര്‍ത്താവിന് പിന്നില്‍ നടന്ന സോനം ഈ സമയം വിനോദസഞ്ചാരികളെന്ന വ്യാജേന ഒപ്പമുണ്ടായിരുന്ന ക്വട്ടേഷന്‍ സംഘത്തോട് രാജയെ കൊല്ലാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ ക്ഷീണിതരാണെന്നും ഇപ്പോള്‍ കൊല്ലാനാവില്ലെന്നും സംഘം മറുപടി നല്‍കി.
ഇതോടെയാണ് 20 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം സംഘത്തിന് യുവതി നല്‍കിയത്. ഇതോടെ സംഘം യുവാവിനെ കൊലപ്പെടുത്തി. മൃതദേഹം കൊക്കയിലേക്കെറിയാന്‍ സോനവും സംഘത്തെ സഹായിച്ചു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം സോനം പ്രദേശത്തു നിന്ന് രക്ഷപെടുകയായിരുന്നു.
സോനത്തിന്റെ കാമുകന്‍ രാജ് കുശ് വഹ, വാടകകൊലയാളികളായ വിശാല്‍ ചൗഹാന്‍, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ALSO READ: ഹണിമൂണ്‍ യാത്രയില്‍ കൊല്ലാനായി ഭര്‍ത്താവിനെ ഭാര്യ ഒപ്പംകൂട്ടിയത് 10 ലക്ഷം രൂപയുടെ ആഭരണം ധരിപ്പിച്ച്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





