30
Jun 2025
Mon
30 Jun 2025 Mon
Sonam Made Raja Wear Rs 10 Lakh Gold For Honeymoon more details came out after chilling murder

മേഘാലയിലേക്ക് ഭര്‍ത്താവിനെ ഹണിമൂണിന് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ സോനം രഘുവന്‍ശി നടത്തിയ ആസൂത്രണങ്ങള്‍ പുറത്ത്. ഭര്‍ത്താവ് ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവന്‍ശിക്കൊപ്പം ഹണിമൂണ്‍ പോവുന്നതിനുള്ള ഹോട്ടല്‍, ടിക്കറ്റ് ബുക്കിങ് അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്തത് സോനം തനിയെ ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് മുമ്പ് പോയിട്ടില്ലാത്ത ഷില്ലോങ്ങിലേക്ക് യാത്ര ദീര്‍ഘിപ്പിച്ചതും സോനം ആയിരുന്നുവെന്ന് രാജയുടെ അമ്മ ഉമ രഘുവന്‍ശി പറയുന്നു. സോനം മാതാപിതാക്കളുടെ അടുത്തുനിന്ന് നേരിട്ട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. രാജാ രഘുവന്‍ശിയെക്കൊണ്ട് 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളായ വജ്രമോതിരവും മാലയും ചെയിനും അടക്കമുള്ളവ നിര്‍ബന്ധിപ്പിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു യുവതി. എന്തിനാണ് ആഭരണങ്ങള്‍ ധരിച്ചുപോവുന്നതെന്ന് ഉമ ചോദിച്ചപ്പോള്‍ സോനം ആവശ്യപ്പെട്ടിട്ടാണെന്നായിരുന്നു രാജയുടെ മറുപടി.

ഹണിമൂണ്‍ യാത്രയ്ക്കിടെ ചിറാപുഞ്ചിയിലെ ഉള്‍പ്രദേശത്ത് വച്ച് ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദിവസങ്ങള്‍ക്കു ശേഷം രാജ രഘുവന്‍ശിയുടെ മൃതദേഹം കൊക്കയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് മഴുവും കണ്ടെടുക്കുകയുണ്ടായി. എന്നാല്‍ സോനത്തിനെക്കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ചുനടത്തിയ കൊലപാതകമായിരുന്നു രാജയുടേതെന്ന് വ്യക്തമായത്.

യുവതിയും മൂന്നു വാടകക്കൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോനം യുപിയിലെ ഗാസിയാപൂര്‍ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൊലയാളികളില്‍ ഒരാള്‍ യുപിയിലും രണ്ടു പേര്‍ ഇന്‍ഡോറിലുമാണ് അറസ്റ്റിലായതെന്നും പോലീസ് അറിയിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ഇവര്‍ ഭര്‍ത്താവിനെ ആസൂത്രിതമായി ഇല്ലാതാക്കിയതെന്നും പോലീസ് പറഞ്ഞു. കാമുകനായ രാജ് കുശ് വഹയുമായി ചേര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മെയ് 11നായിരുന്നു ഇരുവരും വിവാഹിതരായത്. മെയ് 23ന് ഹണിമൂണിനായി രാജയും സോനവും പുറപ്പെടുകയും ചെയ്തു. 10 ദിവസത്തിനു ശേഷമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: ഹണിമൂണിന് പോയ ദമ്പതികളെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; യുവതി വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക