19
Jun 2026
Fri
19 Jun 2026 Fri
newyork death

അമേരിക്കയിലെ വിഖ്യാതമായ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടി നിയന്ത്രണം വിട്ടോടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 18 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. കുടുംബത്തോടൊപ്പം ആദ്യമായി ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ രോമാഞ്ച് മഹാജന്‍ എന്ന കൌമാരക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. നിയന്ത്രണം വിട്ട വണ്ടിയില്‍ നിന്നും തെറിച്ചുവീണ അമ്മയെ രക്ഷിക്കാന്‍ താഴേക്ക് ചാടുന്നതിനിടയിലാണ് രോമാഞ്ചിന് ജീവന്‍ നഷ്ടമായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ചയാണ് സംഭവം നടന്നത്. രോമാഞ്ചിന്റെ കുടുംബത്തിന്റെ ചിത്രം പകര്‍ത്താനായി കുതിരവണ്ടി ഡ്രൈവര്‍ താഴെയിറങ്ങിയ സമയത്താണ് ‘സാംപ്‌സണ്‍’ എന്ന 7 വയസ്സുള്ള കുതിര പെട്ടെന്ന് ഭയന്നോടിയത്. ഡ്രൈവര്‍ വണ്ടിക്ക് പിന്നാലെ ഓടിയെങ്കിലും കുതിര കുതിച്ചുപാഞ്ഞ് നടപ്പാതയിലേക്ക് കയറുകയും മറ്റൊരു കുതിരവണ്ടിയില്‍ പോയി ഇടിക്കുകയുമായിരുന്നു.

ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വണ്ടിയില്‍ നിന്നും രണ്ട് പേര്‍ തെറിച്ചുവീഴുന്നത് കാണാം. നിയന്ത്രണം വിട്ടതോടെ രോമാഞ്ചിന്റെ അമ്മ പ്രിയ വണ്ടിയില്‍ നിന്നും പുറത്തേക്ക് വീണു. ഇതോടെ ‘അമ്മേ’ എന്ന് നിലവിളിച്ചുകൊണ്ട് അമ്മയെ രക്ഷിക്കാനായി രോമാഞ്ച് വണ്ടിയില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍ തലയിടിച്ച് നിലത്തുവീണ രോമാഞ്ചിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു. രോമാഞ്ചിന്റെ അമ്മയും അച്ഛന്‍ ദീപക് മഹാജനും അനിയനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

തിങ്കളാഴ്ചയാണ് മഹാജനും കുടുംബവും ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിയത്. ജയ്പൂരിലെ ഒരു പ്രമുഖ സര്‍വ്വകലാശാലയില്‍ രോമാഞ്ചിന് പ്രവേശനം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ബ്രൂക്ലിന്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ സെന്‍ട്രല്‍ പാര്‍ക്കിലെത്തിയത്. ‘ഈ സംഭവത്തെ രാജ്യം അതീവ ഗൗരവത്തോടെ കാണണം. ഇത് എന്റെ മകന്റെ സ്വപ്നങ്ങളാണ് തകര്‍ത്തത്,’ അച്ഛന്‍ ദീപക് മഹാജന്‍ കണ്ണീരോടെ പറഞ്ഞു.

150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ മരണം

സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടി സര്‍വീസ് ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ 150 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു യാത്രക്കാരന്‍ അപകടത്തില്‍ മരിക്കുന്നതെന്ന് കുതിരവണ്ടി ഡ്രൈവര്‍മാരുടെ യൂണിയന്‍ അറിയിച്ചു. യാത്രക്കാരുടെ ചിത്രം എടുക്കാനായി ഡ്രൈവര്‍ ഒരിക്കലും വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഡ്രൈവറെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കുതിരവണ്ടികള്‍ നിരോധിക്കണമെന്ന് ആവശ്യം

അപകടത്തെ തുടര്‍ന്ന് സെന്‍ട്രല്‍ പാര്‍ക്കിലെ കുതിരവണ്ടി സവാരികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ പ്രവര്‍ത്തകരുമായും കൌണ്‍സിലുമായും ആലോചിച്ച് ഇതിന് സ്ഥിരമായ നിരോധനം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 13 മാസത്തിനിടെ സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എട്ടാമത്തെ അപകടമാണിത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത് വരെ സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് പാര്‍ക്ക് മാനേജ്മെന്റ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.