19
Feb 2026
Thu
19 Feb 2026 Thu
houses built for Mundakai ChooralMala landslide victims will be handed over on feb 25

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച 178 വീടുകളുടെ താക്കോല്‍ദാനം ഫെബ്രുവരി 26ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടി വന്ന വിപത്തില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്നും ഉറ്റവരെയും കിടപ്പാടത്തെയും ഭൂമിയെയും നഷ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നല്‍കുകയാണ് നാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫെബ്രുവരി 25ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച കല്‍പ്പറ്റ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.
ഉരുള്‍പൊട്ടി വന്ന വിപത്തില്‍ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. ‘ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മള്‍ തീരുമാനമെടുത്തത്. ആ വാക്കുകള്‍ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങള്‍ നല്‍കാനല്ല, നടപ്പാക്കാനാണ് സര്‍ക്കാര്‍ എന്ന വിശ്വാസത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തനമുദ്ര ചാര്‍ത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അര്‍ഹമായ സഹായങ്ങള്‍ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകര്‍ക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായി. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ആ കരുത്തില്‍ സര്‍ക്കാര്‍ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.

ഈ മഹാദൗത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോര്‍ത്ത് നിന്നു. യുവജനങ്ങളും സ്‌കൂള്‍ കുട്ടികളും തങ്ങള്‍ക്ക് കഴിയാവുന്ന വിധത്തില്‍ അധ്വാനിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയര്‍ത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയര്‍ത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകം കൂടിയാണ് കല്പറ്റയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണില്‍ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്. 178 വീടുകള്‍ അതിജീവിതര്‍ക്കായി കൈമാറും. ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യും. ആകെ 327 ഗുണഭോക്താക്കള്‍ക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നല്‍കി പൂര്‍ണ്ണ പുനരധിവസനം ഉറപ്പാക്കും. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നല്‍കുകയാണ് നാം. ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്. പ്രതിസന്ധികളില്‍ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകള്‍ ഉയര്‍ത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.

ALSO READ: പ്രണയബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ 17കാരി ജീവനൊടുക്കി